ന്യൂഡൽഹി: കോവിഡ്, യുദ്ധം എന്നീ കാരണങ്ങളാൽ ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ടി വന്ന ചൈന, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽനിന്ന് എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കിയ അവസാന വർഷ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇവർക്ക് 2022 ജൂൺ 30നോ അതിനു മുമ്പോ ബിരുദം ലഭിച്ചിട്ടുണ്ടെങ്കിൽ, വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്.എം.ജി) എഴുതാൻ അനുവദിക്കുമെന്ന് നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) വ്യക്തമാക്കി.
എഫ്.എം.ജി പരീക്ഷയിൽ യോഗ്യത നേടിയാൽ ഇവർ ഒരു വർഷത്തിന് പകരം രണ്ടുവർഷത്തെ മെഡിക്കൽ ഇന്റേൺഷിപ് (സി.ആർ.എം.ഐ) ചെയ്യേണ്ടി വരും. സി.ആർ.എം.ഐ രണ്ടുവർഷം പൂർത്തിയാക്കിയാൽ മാത്രമേ വിദേശത്തു പഠിച്ചവർക്ക് രജിസ്ട്രേഷന് യോഗ്യതയുണ്ടാകൂ. ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് ഒരു തവണത്തേക്ക് മാത്രമുള്ളതാണെന്നും ഇത് ഭാവിയിൽ അവകാശമായി പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു.
വിഷയത്തിൽ ഏപ്രിൽ 29നുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടിയുണ്ടായത്. കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും മൂലം പ്രതിസന്ധിയിലായ ഇന്ത്യക്കാരായ വിദേശ എം.ബി.ബി.എസ് വിദ്യാർഥികൾക്കായി രണ്ടുമാസത്തിനകം ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാനുള്ള പദ്ധതി തയാറാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഒറ്റത്തവണത്തേക്കുള്ള പദ്ധതി എന്ന് സുപ്രീംകോടതി പ്രത്യേകം പരാമർശിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.