ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ കമീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് എ.എസ്. ആനന്ദ് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നാളെ ലോധി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. ഇന്ത്യയുടെ 29ാമത് ചീഫ് ജസ്റ്റിസായ അദ്ദേഹം 2003 മുതൽ 2007 വരെ മനുഷ്യാവകാശ കമീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. മുല്ലപ്പെരിയാർ ഡാമിെൻറ സുരക്ഷ പരിശോധിക്കാൻ രൂപവത്കരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. 1936 നവംബർ ഒന്നിന് ജമ്മു-കശ്മീരിൽ ജനിച്ച ആദർശ് സെയ്ൻ ആനന്ദ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ജമ്മുവിലായിരുന്നു.
ജമ്മു-കശ്മീർ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം 1964ൽ ബാർ അറ്റ് ലോ പാസായി. തുടർന്ന് ചണ്ഡിഗഢിലെ പഞ്ചാബ്^ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായി. 1976ൽ ജമ്മു^കശ്മീർ ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായ ആനന്ദ് ഒമ്പതു വർഷത്തിനുശേഷം ചീഫ് ജസ്റ്റിസായി. 1991ൽ സുപ്രീംകോടതി ജഡ്ജിയായി. 1998ലാണ് ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ടത്. 2001ൽ വിരമിച്ചു.
നീതി ഭരണഘടനാ അവകാശമാണെന്ന് വിധിന്യായങ്ങളിലൂടെ ഉറക്കെ പ്രഖ്യാപിച്ച ജസ്റ്റിസ് ആനന്ദ് അതേ നീതിക്കായി സാധാരണക്കാർപോലും വൻതുക ചെലവാക്കേണ്ടി വരുന്ന തെറ്റായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ നടപടി ൈകെക്കൊണ്ടു. നിയമകാര്യങ്ങളിൽ നിശിത നിലപാടിന് ഉടമയായിരുന്നു. പൊതുതാൽപര്യ വിഷയങ്ങളിൽ പുറപ്പെടുവിച്ച വിധികളുടെ പേരിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. ഡി.കെ. ബസു കേസിൽ അറസ്റ്റ്, കസ്റ്റഡി പീഡനം, തടവറയിലെ മനുഷ്യാവകാശങ്ങൾ എന്നിവ സംബന്ധിച്ച് ജസ്റ്റിസ് ആനന്ദ് പുറപ്പെടുവിച്ച വിധി നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. ദേശീയ ലീഗൽ സർവിസസ് അതോറിറ്റിയുടെ ചെയർമാൻ പദവി വഹിച്ച അദ്ദേഹം രാജ്യത്തെ എല്ലാ ജില്ലകളിലും ലോക് അദാലത്തിന് തുടക്കമിടാനും നടപടി സ്വീകരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് ഫെലോഷിപ് നൽകി ആദരിച്ച ആദ്യ ഇന്ത്യക്കാരനായ ആനന്ദ് 1996ൽ അന്താരാഷ്ട്ര മനുഷ്യാവകാശ സൊസൈറ്റിയുടെ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.