ന്യൂഡൽഹി: ഇന്ത്യയിലെ വിദ്വേഷ പ്രചരണം തടയുന്നത് സംബന്ധിച്ച ഫേസ്ബുക് നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഇ.ഒ മാർക്ക് സക്കർബർഗിന് കത്തയച്ചു. വിരമിച്ച 54 ഓളം ഉന്നത പൊതുസേവന ഉദ്യോഗസ്ഥരാണ് സക്കർബർഗിന് കത്തെഴുതിയത്.
ആരോപണം നേരിടുന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തലവനായ അംഖി ദാസിനെ മാറ്റിനിർത്തി ബി.ജെ.പിക്ക് വിദ്വേഷ പ്രചരണത്തിന് ഇടം നൽകിയ സംഭവം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അംഖി ദാസിൻെറ സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും അവർ പറയുന്നു. വിരമിച്ച ഐ.എ.എസ് ഓഫിസർമാരായ ഹർഷ മന്ദേർ, ചന്ദ്രശേഖർ ബാലകൃഷ്ണൻ, സലാഹുദ്ദീൻ അഹമ്മദ്, വിരമിച്ച ഐ.പി.എസ് ഓഫിസർ ഷാഫി അസ്ലം എന്നിവരടങ്ങിയ സംഘമാണ് കത്തയച്ചത്.
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രചരണങ്ങൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യാത്തത് മേധാവികളുടെ നിർദേശപ്രകാരമാണെന്ന് ഫേസ്ബുക്ക് ജീവക്കാർ വെളിപ്പെടുത്തിയിരുന്നു. 'മോദിയുടെ പാർട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുത്താൽ ഇന്ത്യയിലെ കമ്പനിയുടെ വ്യാപാര സാധ്യതകളെ ബാധിക്കും' എന്ന് ഫേസ്ബുക്കിന് വേണ്ടി കേന്ദ്രസർക്കാറിൽ ലോബിയിങ് നടത്താൻ നിയുക്തയായ അംഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് അമേരിക്കൻ പത്രം വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് െചയ്തിരുന്നു.
തുടർന്ന് രാജ്യത്ത് ഫേസ്ബുക്കിനും കേന്ദ്രസർക്കാറിനും നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരായ ഫേസ്ബുക്കിൻെറ തന്നെ നയം ലംഘിക്കപ്പെട്ടതായി വിരമിച്ച ഉേദ്യാഗസ്ഥരുടെ സംഘം അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നയങ്ങൾ പക്ഷപാതപരമായി നടപ്പാക്കി. ഫേസ്ബുക്കിൻെറ വാണിജ്യ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ പ്രവർത്തിച്ചത് അപലപനീയമാണെന്നും കത്തിൽ പറയുന്നു.
വിദ്വേഷ പ്രചരണം ആളുകൾക്കെതിരായ നേരിട്ടുള്ള അതിക്രമമാണെന്നാണ് ഫേസ്ബുക്ക് നയം. എന്നാൽ ഈ നയം പരസ്യമായി ലംഘിച്ചിട്ടും ടി. രാജ സിങ്ങിനെ പോലുള്ള ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്ബുക്ക് തയാറായില്ല. ഇത്തരത്തിലുള്ള സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.