സ്വയം വിരമിച്ച് ഇ.ഡി മുൻ ജോയന്റ് ഡയക്ടർ രാജേശ്വർ സിങ്; യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: ഐ.പി.എസ് ഓഫിസറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയന്റ് ഡയറക്ടറുമായ രാജേശ്വർ സിങ് സർവിസിൽനിന്ന് സ്വയം വിരമിച്ചു. തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് വിവരം. 24 വർഷത്തോളം യു.പി പൊലീസിന്റെയും ഇ.ഡിയുടെയും ഭാഗമായിരുന്നു രാജേശ്വർ സിങ്.

10 വർഷത്തെ യു.പി പൊലീസ്, 14 വർഷത്തെ ഇ.ഡി സേവനത്തിനും താൻ വിരാമമിടുന്നതായി രാജേശ്വർ സിങ് പറഞ്ഞു. യു.പി സുൽത്താൻപൂർ സ്വദേശിയാണ് രാജേശ്വർ സിങ്. 2007ൽ ഇ.ഡിയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. ദേശീയ ശ്രദ്ധ നേടിയ നിരവധി അഴിമതികളുടെ അന്വേഷണത്തിന് രാ​ജേശ്വർ നേതൃത്വം നൽകിയിരുന്നു. 2ജി സ്‍പെക്ട്രം, അഗസ്ത വെസ്റ്റ്ലാൻഡ്, എയർസെൽ മാക്സിസ്, അമ്രപാലി തുടങ്ങിയ അഴിമതികളുടെ അ​ന്വേഷണ ചുമതല രാജേശ്വറിനായിരുന്നു.

സർവിസിൽനിന്ന് വി.ആർ.എസ് എടുത്തതിന് പിന്നാലെ രാജേശ്വർ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇ.ഡി ഡയറക്ടർ എസ്.കെ. മിശ്ര എന്നിവർക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. മോദിയും അമിത് ഷായും യോഗിയും ജെ.പി. നഡ്ഡയും ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും രാജേശ്വർ പറഞ്ഞു.

താൻ യു.പി പൊലീസിന്റെ ഭാഗമായിരുന്നപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും ഇരകൾക്കും എത്രയും വേഗം നീതി ലഭ്യമാക്കിയിരുന്നു. പൊലീസിൽ അവരുടെ വിശ്വാസം നിലനിർത്താൻ എപ്പോഴും ശ്രമിച്ചു. ഇ.ഡിയിൽ പ്രവർത്തിക്കുന്ന കാലത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരെയും അഴിക്കുള്ളിലാക്കാൻ കഴിഞ്ഞുവെന്നും രാജേശ്വർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Former ED Joint Director Rajeshwar Singh gets voluntary retirement likely to fight UP polls on BJP ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.