ന്യൂഡൽഹി: രണ്ടാഴ്ചക്കിടെ രണ്ടുതവണ കോവിഡ് പിടികൂടിയതായി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി. കോവിഡിനൊപ്പം കടുത്ത ന്യൂമോണിയയും ബാധിച്ച ലളിത് മോദി ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്. രണ്ടാഴ്ചക്കിടെ രണ്ടുതവണയാണ് തനിക്ക് കോവിഡ് ബാധിച്ചതെന്നും ന്യൂമോണിയയിലേക്ക് നീങ്ങിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ലളിത് മോദി പറയുന്നു. മെക്‌സിക്കോ സിറ്റിയിൽ വച്ചാണ് മോദിക്ക് രോഗം ബാധിച്ചത്. പിന്നാലെ ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എയർ ആംബുലൻസിൽ ലണ്ടനിലേക്ക് കൊണ്ടുപോയ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ആരോഗ്യവിവരം പങ്കുവെച്ചത്.മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ ലണ്ടനിൽ തിരിച്ചെത്തി. നിർഭാഗ്യവശാൽ ഇപ്പോഴും 24 മണിക്കൂറും ഓക്സിജന്റെ പിന്തുണയോടെയാണ് കഴിയുന്നത്. എല്ലാവർക്കും സ്നേഹം-എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. മൂന്നാഴ്ചത്തെ ജയിൽവാസത്തിന് ശേഷമാണ് മെക്‌സിക്കോയിൽ നിന്ന് ലണ്ടനിലേക്ക് കൊണ്ടുവന്നതെന്നും ലളിത് മോദി സൂചിപ്പിച്ചു.
സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെൻ ഉൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ മോദിയുടെ പോസ്റ്റിന് കമന്റ് ചെയ്തു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഇവർ ആശംസിച്ചു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന മോദിയെ 2010ൽ ബി.സി.സി.ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.