ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നാഷനൽ ഡിഫൻസ് അക്കാദമി സഹപാഠികൾക്ക് അത്താഴവിരുന്നൊരുക്കി അമരീന്ദർ സിങ്. സഹപാഠികളും അവരുടെ പങ്കാളികളും പങ്കെടുത്ത ചടങ്ങിന്‍റെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. മൊഹാലിയിലെ മൊഹീന്ദർ ബാഗ് ഫാംഹീസിലായിരുന്നു അത്താഴവിരുന്ന്.
സഹപാഠികൾക്കൊപ്പം ഗാനം ആലപിക്കുന്ന അമരീന്ദറിന്‍റെ വിഡിയോകളും പുറത്തുവന്നു. പഞ്ചാബിൽ കോൺഗ്രസ് രാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെയാണ് അമരീന്ദർ രാഷ്ട്രീയത്തിൽനിന്ന് പിന്തിരിഞ്ഞ് വ്യക്തിജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അമരീന്ദർ എൻ.ഡി.എ സഹപാഠികൾക്കായി അത്താഴവിരുന്നൊരുക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. സെപ്റ്റംബർ 24 മുതൽ 27 വരെയാണ് ഗെറ്റ് ടുഗതറെന്നാണ് വിവരം.
അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാകിലെന്ന് അറിയിച്ചശേഷമായിരുന്നു അമരീന്ദറിന്‍റെ രാജി. നിയമസഭ തെരഞ്ഞെടുപ്പിന് നാലുമാസം ശേഷിക്കേയായിരുന്നു അമരീന്ദറിന്‍റെ പടിയിറക്കം. അമരീന്ദറിന് പകരം പഞ്ചാബിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മന്ത്രിസഭ വിപുലീകരണം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.