ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് 27 വർഷമായി ജയിലിൽ കഴിയുന്ന സൈനികന് നീതി തേടി ഭാര്യയുടെ ഹരജി സുപ്രീംേകാടതിയിൽ. രണ്ടു സഹപ്രവർത്തകരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് സൈനിക കോടതി ലാൻസ് നായിക് ദേവേന്ദ്രനാഥ് റായിയെ വധശിക്ഷക്ക് വിധിച്ചത്. എന്നാൽ, കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഇതിൽ അന്തിമ തീർപ്പ് കൽപിച്ചിട്ടില്ല. ഭാര്യ മിഥിലേഷ് റായ് നൽകിയ ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ച് പ്രതിരോധമന്ത്രാലയത്തിനും കരസേന മേധാവിക്കും നോട്ടീസ് അയച്ചു. നാലാഴ്ചക്കകം പ്രതികരണമറിയിക്കാനാണ് ആവശ്യം.
1991ലാണ് സൈനിക കോടതി (ജനറൽ കോർട് മാർഷൽ) ദേവേന്ദ്ര നാഥ് റായിക്ക് വധശിക്ഷ വിധിച്ചത്. ഇപ്പോൾ 60 വയസ്സുള്ള റായി നിരന്തരമായ തടവുജീവിതം മൂലം മാനസികാസ്വാസ്ഥ്യത്തിെൻറ പിടിയിലാണ്. സൈനികകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഹരജി നൽകിയതിനെ തുടർന്ന് പുതിയ തീരുമാനമെടുക്കാൻ 2006 ജനുവരി 10ന് അലഹബാദ് ഹൈകോടതിക്ക് കേസ് കൈമാറിയിരുന്നു. എന്നാൽ, അഭിഭാഷകൻ ഹാജരായില്ലെന്ന കാരണത്താൽ 2007 േമയ് എട്ടിന് കോടതി ഇൗ ഹരജി തള്ളി.
നിയമ നടപടിക്രമങ്ങളിൽ കുരുങ്ങി ഇക്കാലമത്രയും ശിക്ഷയുടെ കാര്യത്തിൽ അന്തിമ തീർപ്പിലെത്താത്തതിനെ തുടർന്ന് മുതിർന്ന അഭിഭാഷകരായ ശേഖർ നഫാഡെ, അമർത്യ കാഞ്ചിലാൽ എന്നിവർ വഴി റായിയുടെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 27 വർഷത്തിനിടക്ക് റായിക്ക് ജാമ്യമോ പരോളോ ലഭിച്ചിട്ടില്ലെന്നും ഭാര്യ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.