മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായികളായ ഷപൂര്‍ജി പല്ലോന്‍ജി കുടുംബാംഗവുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ഉദ്വാഡയിൽനിന്ന് മുംബൈയിലേക്കുള്ള മടക്ക യാത്രക്കിടെ ഞായറാഴ്ച വൈകീട്ട് 3.15 ന് മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടമുണ്ടായത്.
അദ്ദേഹവും കുടുംബ സുഹൃത്തുക്കളും സഞ്ചരിച്ച മേഴ്സിഡസ് കാര്‍ പാൽഘർ, ചരോട്ടിക്കടുത്ത് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കുടുംബ സുഹൃത്ത് ജഹാംഗിർ ബിൻഷാ പന്തൊളെയും അപകടത്തിൽ മരിച്ചു.
ബിൻഷായുടെ സഹോദരനും ടാറ്റാ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡ് മുൻ ബോർഡ് അംഗവുമായ ഡാരിയസ് പന്തൊളെ, ഭാര്യ ഡോ. അനഹിത എന്നിവർക്കും പരിക്കേറ്റു. അനഹിതയാണ് വാഹനം ഓടിച്ചത്. അമിതവേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നതായി പാൽഘർ പൊലീസ് പറഞ്ഞു.
രാജ്യെത്ത വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നും ടാറ്റ ഗ്രൂപ്പില്‍ സ്വന്തമായി ഏറ്റവും കൂടുതല്‍ ഓഹരിയുള്ളതുമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ്. രത്തന്‍ ടാറ്റ വിരമിച്ചതിന് പിന്നാലെ 2012ലാണ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാനായത്.
ടാറ്റ കുടുംബത്തിൽനിന്നല്ലാതെ ചെയർമാനാകുന്ന രണ്ടാമനായിരുന്നു അദ്ദേഹം. എന്നാൽ, അഭിപ്രായഭിന്നതയെ തുടർന്ന് 2016 ഒക്ടോബറിൽ പദവിയില്‍നിന്ന് നീക്കി. പദവിയിൽ നിന്ന് പുറത്താക്കിയ ടാറ്റ സൺസ് നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകൻ ഇഖ്ബാൽ ചഗ്ളയുടെ മകൾ റോഹിഖ്വ ചഗ്ളയാണ് ഭാര്യ. ഫിറോസ മിസ്ത്രി, സഹൻ മിസ്ത്രി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.