പാനിപത്ത്: ഹരിയാനയിൽ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വീട് നവീകരണത്തിനായി പൊളിച്ചപ്പോൾ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. വീട്ടുടമയായ സരോജ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.
2017ൽ പവൻ എന്ന വ്യക്തിയിൽനിന്നാണ് സരോജ വീടുവാങ്ങുന്നത്. പഞ്ചസാര മിൽ തൊഴിലാളിയായ പവനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭ്യമായിരുന്നില്ല. പിന്നീട് പവൻ വീടുവാങ്ങിയ അഹ്സാൻ സെയ്ഫിയിലേക്ക് അന്വേഷണം നീണ്ടു. യു.പിയിലെ ബധോഹി സ്വദേശിയാണ് ഇയാൾ.
അഹ്സാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പഴയ അയൽവാസികൾ അയാളുടെ പ്രവൃത്തികളിൽ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് യു.പിയിലെത്തി അഹ്സാൻ സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്സാൻ സെയ്ഫിയെ ചോദ്യം ചെയ്തതോടെ രണ്ടാംഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തുകയായിരുന്നു.
അഹ്സാനിന്റെ രണ്ടാംഭാര്യ നസ്നീൻ, മകൻ സൊഹൈൽ , 15 വയസായ ബന്ധു ഷാബിർ എന്നിവരാണ് കൊല്ലെപ്പട്ടത്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന അഹ്സാൻ വിവാഹബന്ധം മറച്ചുവെച്ച് മാട്രിമോണിയലിലൂടെ നസ്നീനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറ്റി. ഇയാൾ ഇടക്കിടെ യു.പി മുസഫർനഗറിലെ ആദ്യഭാര്യയെയും മൂന്ന് കുട്ടികളെയും സന്ദർശിക്കുമായിരുന്നു.
അഹ്സാൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്നീർ അറിഞ്ഞു. ഇതോടെ മുസഫർനഗറിലേക്ക് പോകുന്നതിന് അഹ്സാനെ വിലക്കി. ഇതിനെെചാല്ലി ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് 2016 നവംബറിൽ നസ്നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ശേഷം വീട്ടിലെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങൾ സംസ്കരിച്ചു. അതിനുശേഷം പവന് വീട് വിൽക്കുകയായിരുന്നു. തുടർന്ന് ഇയാൾ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയിൽ താമസിച്ച് വരികയായിരുന്നു അഹ്സാൻ. കൊലപാതക കുറ്റം സമ്മതിച്ച അഹ്സാനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.