ലഖ്നൗ: തെരുവിൽ അലഞ്ഞുതിരിയുന്ന പശുവിനെ അറുത്ത് പിതാവിന്‍റെ അന്ത്യകർമങ്ങൾക്ക് വിരുന്നൊരുക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുൻതാസിർ, മുക്കീം, നഫീസ്, അതാ-ഉർ-റഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവധ നിയമത്തിലെ സെക്ഷൻ 3, 5, 8 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. സഹരൻപൂർ ജില്ലയിലെ ബെഹത് ഏരിയയിലെ ഷെയ്ഖ്പുര ഗ്രാമത്തിലാണ് സംഭവം.
ഷെയ്ഖ്പുരയിൽ കുളത്തിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ പശുവിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ നഫീസിന്‍റെ പിതാവ് ആഗസ്റ്റ് 9നാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്ക് ശേഷമുള്ള വിരുന്നിനായാണ് പശുവിനെ അറുത്തതെന്നാണ് വിശദീകരണം. മിതമായ നിരക്കിൽ മാംസം ലഭ്യമാകണമെന്നതിനാലാണ് തെരുവ് പശുവിനെ അറുക്കാൻ തീരുമാനിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ സ്വകാര്യ കൃഷിയിടത്തിലെത്തിയാണ് ഇവർ പശുവിനെ അറുത്തത്. ശേഷം അവശിഷ്ടങ്ങൾ കുളത്തിന് സമീപം ഉപേകഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.