മുംബൈ: ഭീമ കൊറേഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ച് ജയിലിൽ കഴിയുന്ന ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യാവസ്ഥ മോശമായി അത്യാസന്ന നിലയിലായ അദ്ദേഹത്തെ തലോജ സെൻട്രൽ ജയിലിൽനിന്നും ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഓക്സിജൻ സഹായത്തോടെയാണ് 84 കാരനായ ഫാദർ കഴിയുന്നത്. ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന് ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോ സേവ്യർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർക്കിൻസൺസ്, നടുവേദന, കേൾവി ശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്.
ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാൻ സ്വാമി ഒരാഴ്ച മുമ്പ് ബോംബെ ഹൈകോടതിയോടു പറഞ്ഞിരുന്നു. സ്വാമിയുടെ അഭിഭാഷകരുടെ ഹരജിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈകോടതി വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. സ്റ്റാൻ സ്വാമിയുടെ പ്രായവും ജെ.ജെ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വിദഗ്ധ പാനൽ നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. സ്വന്തം െചലവിൽ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപിക്കാനാണ് കോടതി അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.