പാരീസ്: പട്ടാള അട്ടിമറി നടന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ള വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഫ്രഞ്ച് ഭരണകൂടമാണ് ഇന്ത്യക്കാരടക്കം 992 പേരെ കഴിഞ്ഞ രണ്ട് ദിവസത്തിൽ ഒഴിപ്പിച്ചത്.
ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനൈനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒഴിപ്പിച്ച 992 പേരിൽ 560 പേർ ഫ്രഞ്ച് പൗരന്മാരാണ്. നൈജറിൽ നിന്ന് വിമാനമാർഗമാണ് വിദേശ പൗരന്മാരെ മടക്കി കൊണ്ടുവന്നത്. അതേസമയം, ഒഴിപ്പിക്കപ്പെട്ട ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാണ് ജനറൽ അബ്ദുറഹ്മാൻ ചിയാനി നൈജറിൽ അധികാരം പിടിച്ചെടുത്തത്. പ്രസിഡൻഷ്യൽ ഗാർഡ് ഭരണം അട്ടിമറിച്ചതിന് പിന്നാലെ ചിയാനി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 2011 മുതൽ പ്രസിഡൻഷ്യൽ ഗാർഡിന്റെ ചുമതല വഹിക്കുന്ന ആളാണ് ജനറൽ ചിയാനി.
അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള അട്ടിമറി. ആഫ്രിക്കൻ യൂനിയൻ, വെസ്റ്റ് ആഫ്രിക്കൻ റീജനൽ ബ്ലോക്ക് (എക്കോവാസ്), യൂറോപ്യൻ യൂനിയൻ, ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അട്ടിമറിയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പമാണ് മുഹമ്മദ് ബാസ് നിലകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.