മുംബൈ: വ്യാജ വാക്സിനേഷൻ കാമ്പ് സംഘടിപ്പിച്ച സംഭവത്തിൽ നാല് പേർ മുംബൈയിൽ അറസ്റ്റിലായി. മുംബൈ ഹൗസിങ് സൊസൈറ്റിയിൽ കാമ്പ് നടത്തിയവരാണ് പൊലീസ് പിടിയിലായത്. സൊസൈറ്റിയിലെ താമസക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സിനിമാ നിർമാതാവായ രമേഷ് ടോരാനിയും താൻ വഞ്ചിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തന്‍റെ ഓഫിസിലെ ജീവനക്കാർക്ക് വേണ്ടി നടത്തിയ വാക്സിനേഷൻ വ്യാജമായിരുന്നെന്ന് അദ്ദേഹം സംശയിക്കുന്നു.
മെയ് 30നും ജൂൺ മൂന്നിനുമിടക്കാണ് ടിപ്സ് ഇന്‍റസ്ട്രീസ് എന്ന സ്ഥാപനത്തിന്‍റെ തലവനായ രമേഷ് തന്‍റെ ഓഫിസിലെ 365 ജീവനക്കാർക്കുവേണ്ടി കാമ്പ് സംഘടിപ്പിച്ചത്. എന്നാൽ തങ്ങൾക്ക് ഇതുവരെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എസ്.പി ഇവന്‍റ്സിലെ സഞ്ജയ് ഗുപ്തയാണ് കാമ്പ് സംഘടിപ്പിച്ചത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുന്നവരോട് പിന്നീട് തരാമെന്ന് പറയുന്നതല്ലാതെ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും രമേഷ് പറഞ്ഞു.
കോകിലബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. ഒരു ഡോസിന് 1200 രൂപയും ജി.എസ്.ടിയുമാണ് നൽകിയത്. പണം പോയി എന്നതുമാത്രമല്ല കാര്യം. വാക്സിൻ എന്ന പേരിൽ എന്താണ് കുത്തിവെച്ചത് എന്നറിയാത്ത വേവലാതിയിലുമാണ് ഇപ്പോൾ വാക്സിനെടുത്തവർ.
സ്വകാര്യ ആശുപത്രി അധികൃതരാണെന്ന മട്ടിൽ ചിലർ വാകസിനേഷൻ കാമ്പ് നടത്തി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് ഖാണ്ഡിവാലിയിലെ ഹൗസിങ് സൊസൈറ്റി അധികൃതരും പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.