വ്യാജ അറസ്റ്റ് വാറന്റുകൾ ഉപയോഗിച്ച് തട്ടിപ്പ്; ഡിജിറ്റൽ അറസ്റ്റിന്റെ പുതിയ രൂപത്തിൽ മുന്നറിയിപ്പ് സർക്കുലർ ഇറക്കി അപ്പാർട്ട്മെൻ്റ് ഉടമകളുടെ സംഘടനകൾ

നോയിഡ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ വ്യാജ അറസ്റ്റ് വാറന്റുകൾ ഉപയോഗിച്ച് പൊലീസിന്റെയോ കോടതിയുടെയോ മറ്റ് അന്വേഷണ ഏജൻസികളുടെ പേരിലോ ആൾമാറാട്ടം നടത്തുകയും കൊള്ളയടിക്കാൻ ഫ്ലാറ്റുകളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മുന്നറിയിപ്പുമായി അപ്പാർട്ട്മെൻ്റ് ഉടമകളുടെ സംഘടനകൾ. മുന്നറിയിപ്പുമായി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും അതിനുള്ള സാധ്യതയുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള കേസുകളെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ കോടതി ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഒരു താമസക്കാരന്റെ പേരിൽ അറസ്റ്റ് വാറന്റുമായി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കടക്കാൻ ശ്രമിച്ചെന്നും സർക്കുലറിൽ പറയുന്നു. ഗാർഡുകൾ അയാളെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ വന്നതോടെ തട്ടിപ്പുകാരൻ കൂട്ടാളിയുമായി മടങ്ങിയെത്തി. ഉദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടി നിർവ്വഹിക്കുന്നതിൽ നിന്ന് തടഞ്ഞാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ കാവൽക്കാരെ ഭീഷണിപ്പെടുത്തി അകത്ത് പ്രവേശിച്ചു. താമസക്കാരനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പലതവണ മുട്ടിയിട്ടും ഇയാൾ വാതിൽ തുറന്നില്ല. തട്ടിപ്പ് സംഘമെന്ന് സംശയിക്കുന്ന സംഘം അൽപ സമയത്തിന് ശേഷം തിരികെ പോയെന്നും സർക്കുലറിൽ പറയുന്നു.

അപ്പാർമെന്റിന്റെയോ താമസക്കാരൻ്റെയോ പേര് സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല. സന്ദർശകരുടെ സമഗ്രമായ സുരക്ഷാ പരിശോധനകൾ, സർക്കാർ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരുടെ ശരിയായ പരിശോധന, സംശയാസ്പദമായ ആളുകളെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുക, അപരിചിതർക്ക് വാതിൽ തുറക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു. 

Tags:    
News Summary - frauds-may-knock-on-door-aoas-warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.