റഫാൽ; തെളിവുണ്ടായിട്ടും നടപടിയെടുത്തി​ല്ലെന്ന്​ ഫ്രഞ്ച്​ മാധ്യമം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ വ്യക്​തമായ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണ ഏജൻസികൾ നടപടി സ്വീകരിച്ചില്ലെന്ന്​ ഫ്രഞ്ച്​ അന്വേഷണാത്​മക വെബ്​സൈറ്റായ 'മീഡിയപാര്‍ട്ട്'. 65 കോടി രൂപ കൈക്കൂലിയായി ഇടനിലക്കാരന് കിട്ടിയെന്നും മീഡിയപാര്‍ട്ട് വെളിപ്പെടുത്തി. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോ ഏവിയേഷന്‍ ഉപയോഗിച്ചത്.

2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ സംഭവം ഗൗരവത്തിൽ കണ്ടില്ലെന്നും റി​പ്പോർട്ടിൽ പറയുന്നു. ഫ്രാന്‍സിലെ ദസോ ഏവിയേഷനില്‍ നിന്ന് ഇന്ത്യ 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടത്. 7.8 ബില്യണ്‍ യൂറോക്കാണ് ഇന്ത്യ ദസോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്.

മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്‍റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി വഴിയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐ.ടി കരാറുകളും മറ്റ്​ ബില്ലുകളും നൽകിയതായി കാട്ടിയാണ്​ സുഷിൻ ഗുപ്​ത എന്ന ഇടനിലക്കാരന്​ പണം കൈമാറിയത്. വ്യാജ ബില്ലുകളിൽ ദസോ എന്ന പേര്​ പോലും തെറ്റായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്‍റെ ഓഫിസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്‍റെ എല്ലാ രേഖകളും എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റിനും ലഭിച്ചിരുന്നു.

റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുള്ളപ്പോഴാണ്​ ഈ വിവരവും സി.ബി.ഐക്ക്​ മുന്നിലെത്തുന്നത്​. എന്നിട്ടും അന്വേഷണത്തിന്​ നടപടിയെടുക്കുന്നതിൽ ഏജൻസികൾ വീഴ്ച വരുത്തി. കോഴ വിവരങ്ങൾ സി.ബി.ഐ ഓഫിസിലെത്തിയതിന്‍റെ 13ാം ദിവസം സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ തൽസ്​ഥാനത്ത്​ നിന്നും നീക്കി. ജോയിന്‍റ്​ ഡയറക്​ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ്​ അർധരാത്രിയാണ്​ ഇറങ്ങിയത്​. അലോക്​ വർമ അന്വേഷണം നടത്തിയേക്കും എന്ന്​ കരുതിയാണ്​ തൽസ്​ഥാനത്ത്​ നിന്നും രായ്​ക്കു രാമാനം അദ്ദേഹത്തെ മാറ്റിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.