ന്യൂഡൽഹി: ആംആദ്മി പാർട്ടി മന്ത്രി സത്യേന്ദർ ജെയിനിന്റെ ജയിലിലെ പുതിയ വിഡിയോ പുറത്ത്. ജയിലിൽ അതിഥികളുമായി സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തായത്. ദൃശ്യങ്ങളിൽ ഇപ്പോൾ സസ്‍പെൻഷനിൽ കഴിയുന്ന തിഹാർ ജയിൽ സൂപ്രണ്ടും ഉണ്ട്.
സെപ്റ്റംബർ 12ന് രാത്രി എട്ടുമണിക്കുള്ള 10 മിനുട്ട് നീളുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ജെയിൻ സെല്ലിനുള്ളിലെ കിടക്കിയിൽ കിടക്കുകയാണ്. ഇദ്ദേഹത്തെ കാണാനെത്തിയ മറ്റ് മൂന്നുപേർ സാധാരണ വസ്ത്രത്തിലാണ്. അവർ സംസാരിച്ചുകൊണ്ടിരിക്കെ ജയിൽ സൂപ്രണ്ട് അജിത് കുമാർ കയറി വരുന്നു. ഈ സമയം മറ്റ് മൂന്നുപേരും സെല്ലിൽ നിന്ന് ഇറങ്ങിപ്പോകുന്നു. പിന്നീട് ഇവർ തമ്മിലുള്ള സംസാരമാണ്.
നേരത്തെ സത്യേന്ദർ ജെയിനിന് മസാജ് ചെയ്ത് നൽകുന്നതിന്റെ വിഡിയോ പുറത്തു വന്നത് വിവാദമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാർ നിർദേശിച്ച ഫിസിയോ തെറാപ്പിയാണിതെന്നായിരുന്നു ആപ്പിന്റെ വാദം. എന്നാൽ മസാജ് ചെയ്തത്, മകളെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിലായ പ്രതിയാണെന്ന് വ്യക്തമായതോടെ ആപ്പിന്റെ വാദം പൊളിഞ്ഞിരുന്നു.
തിഹാറിൽ ജെയിനിന് വി.ഐ.പി ട്രീറ്റ്മെന്റാണെന്നും അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് 12ഓളം തിഹാർ ജയിൽ ജീവനക്കാർക്ക് സ്ഥലംമാറ്റവും ഉണ്ടായിരുന്നു. ജൂൺ മുതലാണ് ജെയിൻ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്ച ഡൽഹി കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.