ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ആർ.എസ്.എസിെൻറ മുസ്ലിം രാഷ്ട്രീയ മഞ്ചും ജുമുഅ തടയുന്ന ഹിന്ദുക്കളും തമ്മിൽ ഉണ്ടാക്കിയ ധാരണ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ആരാധന സ്വാതന്ത്ര്യത്തിന് നിയമപരമായി പോരാടുന്ന സംഘടനകളും നേതാക്കളും സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ദ്രേഷ് കുമാർ നേതൃത്വം നൽകുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന് കീഴിലുള്ള ഗുരുഗ്രാം ഇമാം സംഘടൻ എന്ന സംഘടനയും ജുമുഅ തടസ്സപ്പെടുത്തുന്ന സംയുക്ത ഹിന്ദു സംഘർഷ് സമിതിയും ചേർന്ന് ആറു സ്ഥലങ്ങളിലും ബാക്കി പള്ളികളിലും ജുമുഅ നടത്താൻ സമർപ്പിച്ച നിർദേശം ജില്ല ഭരണകൂടം അംഗീകരിച്ചുവെന്ന പ്രചാരണമാണ് വാർത്തസമ്മേളനം വിളിച്ച് നേതാക്കൾ തള്ളിയത്. ഗുരുഗ്രാമിലെ പ്രശ്നം മുസ്ലിംകളെ പൊതു ഇടങ്ങളിൽ നിന്ന് അദൃശ്യരാക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും ഹിന്ദു സമുദായത്തിലുള്ളവരാണ് ഇതിനെതിരെ രംഗത്തുവരേണ്ടതെന്നും ഡൽഹി സർവകലാശാലയിലെ പ്രഫ. അപൂർവാനന്ദ് പറഞ്ഞു.
പൊലീസ് സുരക്ഷയൊരുക്കി നമസ്കാരം നടത്താൻ ജില്ല ഭരണകൂടം 37 സ്ഥലങ്ങൾ 2018ൽ നിർണയിച്ചു കൊടുത്തത് തെൻറ സാന്നിധ്യത്തിലാണെന്ന് അപൂർവാനന്ദ് പറഞ്ഞു. മുമ്പ് സിഖുകാരെ ഒറ്റപ്പെടുത്തിയത് പോലെ മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഗുരുഗ്രാം ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ദയാ സിങ് ചൂണ്ടിക്കാട്ടി. ആർ.എസ്.എസിലെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുണ്ടാക്കിയ ധാരണ കള്ളമാണെന്നും ഗുരുഗ്രാമിലെ അഞ്ചു ലക്ഷം മുസ്ലിംകൾക്ക് വർഷങ്ങളായി നിഷേധിക്കപ്പെടുന്ന ആരാധന സ്വാതന്ത്ര്യത്തിന് ഇത് പരിഹാരമല്ലെന്നും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണമെന്നും മുൻ രാജ്യസഭ എം.പി മുഹമ്മദ് അദീബ് പറഞ്ഞു.
ഗുരുഗ്രാം സെക്ടർ 118ൽ എത്രയോ ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും ഗുരുദ്വാരകൾക്കും ഭൂമി നൽകിയിട്ടും മുസ്ലിംകൾക്ക് മാത്രം ഒരിഞ്ച് ഭൂമി പോലും നൽകിയില്ല. ഭൂമി നൽകിയ മറ്റൊരു സെക്ടറിൽ പള്ളിയുണ്ടാക്കാതിരിക്കാൻ കഴിഞ്ഞ പത്തുവർഷമായി നിർമാണം സ്റ്റേ ചെയ്തിരിക്കുകയാണ്.
ഗുരുഗ്രാമിലെ ഓരോ പള്ളിയിലും നിലവിൽ അഞ്ചു തവണ വീതം നമസ്കരിക്കുന്നുണ്ടെന്നും അഞ്ചു ലക്ഷം മുസ്ലിംകൾക്ക് അതുകൊണ്ട് ഒന്നുമാകില്ലെന്നും ഗുരുഗ്രാമിലെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് നേതാവ് മുഫ്തി സലീം പറഞ്ഞു. അത് അറിയുന്നതു കൊണ്ടാണ് അധികൃതർ 37 സ്ഥലങ്ങൾ തിരഞ്ഞെടുത്തു തന്നത്.
37 സ്ഥലങ്ങളിൽ നിയമപരമായി നടന്നുവന്നിരുന്ന വെള്ളിയാഴ്ച പ്രാർഥനക്ക് സംരക്ഷണം നൽകുകയായിരുന്നു ജില്ല ഭരണകൂടത്തിെൻറയും പൊലീസിെൻറയും ബാധ്യതയെന്ന് ഗുരുഗ്രാം സെക്ടർ 37ൽ ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണി വകവെക്കാതെ ജുമുഅക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഹാജി ശഹ്സാദ് ഖാൻ പറഞ്ഞു. അതിനു പകരം ബി.ജെ.പി ജില്ല പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട ഹിന്ദുത്വ തീവ്രവാദി കുൽഭൂഷൺ ഭരദ്വാജ് ഏതാനുമാളുകളുമായി നേരിട്ടിറങ്ങി ഗുണ്ടായിസം കാണിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകുകയാണ്.
ഇതുവരെ നടത്തിയ പോലെ അടുത്ത വെള്ളിയാഴ്ചയും അതേ സ്ഥലത്ത് ജമുഅ നടത്തുമെന്നും ശഹ്സാദ് പറഞ്ഞു. ഡൽഹി ഐ.ഐ.ടി മുൻ പ്രഫ. വി.കെ. ത്രിപാഠി, സി.പി.എം രാജ്യസഭ അംഗം ഡോ. വി. ശിവദാസ്, മുൻ ആസൂത്രണ കമീഷൻ അംഗം സയ്യിദ ഹമീദ്, മനുഷ്യാവകാശ പ്രവർത്തകരായ ശബ്നം ഹാശ്മി എന്നിവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി
ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ജുമുഅ നമസ്കാരം നടത്താൻ കഴിയാത്ത സാഹചര്യം മറ്റു നടപടികൾ നിർത്തിവെച്ച് സഭ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
എന്നാൽ, സ്പീക്കർ ഓം ബിർള പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഗുരുഗ്രാമിൽ ബോധപൂർവം സാമുദായിക കലാപത്തിന് ശ്രമം നടക്കുകയാണെന്നും മതപരമായ വിശ്വാസത്തിനും മതപരമായ കാര്യങ്ങൾ നിർവഹിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിനും എതിരായ സംഭവങ്ങളാണ് അവിടെ നടക്കുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഗുരുഗ്രാമിലെ ജുമുഅ തടയുന്നതിനെതിരെ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ
സംഘടിപ്പിച്ച വാർത്തസമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.