ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കിയതോടെ മത്സരം ദിഗ്‌വിജയ് സിങ്ങും ശശി തരൂരും തമ്മിൽ. വെള്ളിയാഴ്ചയാണ് നാമനിർദശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. തെരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ശശി തരൂർ ട്വിറ്ററിൽ ഇതിന്റെ ചിത്രം പങ്കെുവെക്കുകയും ചെയ്തു. ''ദിഗ് വിജയ് സിങ് ഇന്നുച്ചക്ക് എന്നെ കാണാനെത്തി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കുമെന്ന് ഞങ്ങൾ ഇരുവരും ഉറപ്പുനൽകുന്നു. ആര് ജയിച്ചാലും കോൺഗ്രസാണ് വിജയിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നത്'' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
തരൂരിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്ന് പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ദിഗ്‌വിജയ് സിങ് പറഞ്ഞു. തങ്ങളുടെ പോരാട്ടം വർഗീയ ശക്തികൾക്കെതിരെയാണെന്നും ഇരുവരും ഗാന്ധിയൻ-നെഹ്‌റുവിയൻ ആശയങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന മത്സരത്തിൽ തരൂരിന് അദ്ദേഹം ആശംസയും നേർന്നു.
തെരഞ്ഞെടുപ്പിൽ ഇരു നേതാക്കളും നാളെ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞയാഴ്ച തരൂർ നാമനിർദേശ പത്രിക സ്വീകരിച്ചപ്പോൾ ദിഗ്‌വിജയ് സിങ് ഇന്നാണ് സ്വീകരിച്ചത്.
അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ ഒരുങ്ങിയതിനെ തുടർന്ന് രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ സോണിയ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്ലോട്ട് അറിയിച്ചു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായി തുടരണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കും. ഹൈകമാൻഡ് തീരുമാനത്തിനെതിരായ എം.എൽ.എമാരുടെ നീക്കം തടയാൻ കഴിഞ്ഞില്ലെന്നും ഇത് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.