ഡൽഹി: ജി20 ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഡൽഹിയിലെത്തും. വെള്ളിയാഴ്ച വൈകീട്ടാണ് ബൈഡനും സംഘവും വിമാനമിറങ്ങുക. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ജൂണിൽ മോദി അമേരിക്ക സന്ദർശിച്ചപ്പോൾ നടത്തിയ ചർച്ചയുടെ തുടർച്ച ഡൽഹിയിലുണ്ടാകും. കടുത്ത കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുക. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നിർദേശങ്ങൾ പാലിച്ചാകും ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുക. ബൈഡന്റെ ഭാര്യ ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൈഡന് തുടർച്ചയായി രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. കോവിഡില്ലെന്നാണ് ഫലം. രോഗലക്ഷണങ്ങളുമില്ല. എന്നാലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യു.എസ് പ്രസിഡന്റിന്റെ ഇടപെടൽ. സമ്പർക്ക വിലക്കിലായതിനാൽ ജിൽ ബൈഡൻ ഇന്ത്യയിലും പിന്നാലെ വിയറ്റ്നാമിലും ബൈഡനൊപ്പം പോകില്ലെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഉച്ചകോടിക്ക് പുറപ്പെടുന്നതിനുമുമ്പ് ഒരു തവണകൂടി ബൈഡനെ കോവിഡ് പരിശോധനക്ക് വിധേയനാക്കും. യു.എസ് സംഘത്തിലെ മുഴുവൻ പേരെയും ഇടക്കിടെ പരിശോധിക്കാനാണ് നിർദേശം. ഇന്ത്യൻ പര്യടനത്തെ ഏറെ രാൽപര്യത്തോടെയാണ് പ്രസിഡന്റ് കാണുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക അവസരം നൽകുക, കാലാവസ്ഥ മുതൽ സാങ്കേതികവിദ്യ വരെയുള്ള വിഷയങ്ങളിൽ അമേരിക്കൻ ജനതയുടെ മുൻഗണനകളിൽ കൂടുതൽ പുരോഗതി കൈവരിക്കുക എന്നിവയിലായിരിക്കും ബൈഡൻ ശ്രദ്ധപുലർത്തുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജി 20 യുടെ അധ്യക്ഷപദവിയിലുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനോട് നന്ദിയുണ്ടെന്നും അദ്ദേഹവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ബൈഡൻ കാത്തിരിക്കുകയാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ജി20യിലെ സ്ഥിരാംഗമാകുന്ന ആഫ്രിക്കൻ യൂനിയന്റെ ശബ്ദം ജി20യെ കൂടുതൽ ശക്തമാക്കുമെന്നും യു.എസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.