പട്ന: ഇന്ത്യയിൽ കോവിഡ് വ്യാപനം തുടങ്ങി ഒരു വർഷക്കാലമായി പട്നയിലെ റോഡുകളിലൂടെ കോവിഡ് രോഗികൾക്കാവശ്യമായ ഓക്സിജൻ സിലിണ്ടറുകളുമായി പായുന്ന ഒരു മാരുതി കാറും അതിൽ 52കാരനായ ഒരു മനുഷ്യനുമുണ്ട്. മെഡിക്കൽ ഓക്സിജന്റെ ലഭ്യതക്കുറവ് അതിരൂക്ഷമായ സാഹചര്യത്തിൽ പരിചയപ്പെടേണ്ട ഒരു വ്യക്തിത്വമാണ് അദ്ദേഹം.
ഇതുവരെ 950ലധികം കോവിഡ് രോഗികളെയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 'ഓക്സിജൻ മാൻ' എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ യഥാർഥ നാമം അധികം ആർക്കും അറിയില്ല. പരിചയപ്പെടാം ഗൗരവ് റായ്യെ.
ഗൗരവും കോവിഡിന്‍റെ പിടിയിൽ പെട്ടിരുന്നു. കോവിഡ് ഒന്നാം തരംഗം അതിന്‍റെ പാരമ്യത്തിൽ എത്തിയിരുന്ന ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ കിടക്കൾ ഒന്നും ലഭ്യമായിരുന്നില്ല. വാർഡിനടുത്തുള്ള കോണിപ്പടിയിലാണ് അദ്ദേഹം അഭയം കണ്ടെത്തിയത്.
ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആശുപത്രിയിൽ ഒാക്സിജൻ സിലിണ്ടർ ലഭ്യമായിരുന്നില്ല. അഞ്ച് മണിക്കൂർ സമയമെടുത്താണ് ഗൗരവിന്‍റെ ഭാര്യ ഓക്സജിൻ സിലിണ്ടർ എത്തിച്ചത്.
അതായിരുന്നു ഗൗരവിന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. അന്ന് തന്നെ അദ്ദേഹം ഒരു തീരുമാനമെടുത്തു. ജീവവായുവായ ഓക്സിജൻ ഉണ്ടാക്കാൻ തീരുമാനിച്ച അദ്ദേഹം പിന്നീട് ഒരുദിവസം വിശ്രമിച്ചിട്ടില്ല.
പുലർച്ച അഞ്ചുമണിക്കാണ് ഗൗരവിന്‍റെ ഒരു ദിനം ആരംഭിക്കുന്നത്. രാവിലെ തന്നെ തന്‍റെ മാരുതി വാഗൺ ആർ കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കയറ്റി കോവിഡ് ബാധിച്ച് ക്വാറന്‍റീനിലായ രോഗികളുടെ വീടുകൾ തേടി യാത്ര തുടങ്ങും. തന്‍റെ ഈ കർമങ്ങൾക്ക് ചില്ലിക്കാശ് പോലും അദ്ദേഹം ഇൗടാക്കുന്നില്ല. ഈ നിസ്വാർഥ സേവനത്തിന്‍റെ മികവിലാണ് അദ്ദേഹത്തെ ജനങ്ങൾ 'ഓക്സിജൻ മാൻ' എന്ന് പേര് നൽകിയത്.
സ്വന്തമായി പണം മുടക്കി ദമ്പതികൾ വീടിന്‍റെ താഴത്തെ നിലയിൽ ഒരു ഓക്സിജൻ ബാങ്ക് സ്ഥാപിക്കുകയായിരുന്നു. ഇത് വാർത്തയായതോടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളും മറ്റും സഹായവുമായെത്തി.
10 സിലിണ്ടർ മാത്രമുണ്ടായിരുന്ന ഓക്സിൻ ബാങ്ക് 200 സിലിണ്ടറിലേക്കെത്തി. ദമ്പതികളുടെ സേവനത്തിന് അഭിനന്ദനവുമായെത്തിയ നിരവധിയാളുകൾ സാമ്പത്തിക സഹായവും നൽകി.
ഫോണിലൂടെയാണ് രോഗികൾ സിലിണ്ടറുകൾക്കായി ബന്ധപ്പെടുന്നത്. ഇവ കാറിൽ കയറ്റി കൊണ്ടുപോയി രോഗികളുടെ വീടുകളിലെത്തി ഘടിപ്പിക്കും. ഇവർ രോഗമുക്തരായ ശേഷം അവിടെ െചന്ന് ഇവ മടക്കി വാങ്ങി മറ്റ് രോഗികൾക്ക് നൽകും. ഇതെല്ലാം സൗജന്യമായാണ് ചെയ്യുന്നത്. പട്നയിൽ നിന്ന് തുടങ്ങിയ ഗൗരവിന്‍റെ ഈ സേവന പ്രവർത്തി ഇന്ന് ബിഹാറിലെ 18 ജില്ലകളിലേക്കായി വ്യാപിച്ചിട്ടുണ്ട്.
ഓക്സിജൻ മാൻ തന്‍റെ സേവനപാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള കഥയും പ്രചോദനകരമാണ്. 2019 ഡിസംബറിൽ പക്ഷാഘാതം വന്ന് സംസാരശേഷി നഷ്ടപ്പെട്ടതിനെതുടർന്ന് ആത്മഹത്യ ചെയ്യാനിരുന്നയാളാണ് അദ്ദേഹം. ഗംഗ നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ കാലം അദ്ദേഹത്തിനായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിന്നിടത്തു നിന്ന് അദ്ദേഹം പലരുടെയും രക്ഷകനായി. അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള വഴി ആസൂത്രിതമായിരുന്നില്ല. തന്‍റെ സമ്പാദ്യം തീരുന്നതുവരെ അല്ലെങ്കിൽ ആരോഗ്യം ക്ഷയിക്കുന്നത് വരെ മറ്റുള്ളവർക്കായുള്ള ഈ ഓട്ടം അദ്ദേഹം തുടരുമെന്ന കാര്യം ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.