ന്യൂഡൽഹി: സ്വവർഗരതി കുറ്റകരമല്ലാതാക്കണമെന്ന ഹരജിയിൽ തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസർക്കാർ. സ്വവർഗ രതിയുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
ഭണഘടനയുടെ 377ാം വകുപ്പ് പ്രകാരം സ്വവർഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നൽകുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.
ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്നും പങ്കാളിയെന്നാൽ എതിർലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്വവർഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹരജി കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേൾക്കാൻ തുടങ്ങിയത്.
സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തിൽപെട്ടവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.