രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജെയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഞായറാഴ്ച 15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അശോക് ഗെഹ്േലാട്ട് സർക്കാറിലെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തിറക്കി. 15 മന്ത്രിമാരിൽ 11 പേർ കാബിനറ്റ് പദവിയുള്ളവരും നാലുപേർ സഹമന്ത്രിമാരുമാണ്. അഞ്ചുപേർ സച്ചിൻ പൈലറ്റ് ക്യാമ്പിൽനിന്നുള്ളവരാണ്.

പുതിയ മന്ത്രിസഭ നിലവിൽവരുന്നതോടെ ഒന്നര വർഷമായി ഗെഹ്േലാട്ടും പൈലറ്റും തമ്മിൽ തുടരുന്ന തർക്കത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ഹൈകമാൻഡ്. ഉച്ചക്ക് രണ്ടിന് ചേരുന്ന പി.സി.സി യോഗത്തിൽ മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ഹെമരാം ചൗധരി, മഹേന്ദ്രജീത്ത് സിങ് മാളവിയ, രാംലാൽ ജത്ത്, ഡോ. മഹേഷ് ജോഷി, വിശ്വേന്ദ്ര സിങ്, രമേഷ് മീന, മംമ്ത ഭൂപേഷ്, ഭജൻ ലാൽ, ടീകാറാം ജൂലി, ഗോവിന്ദ് രാം, ശകുന്തള റാവത്ത് എന്നിവർക്കാണ് കാബിനറ്റ് പദവി. ഷഹീദ ഖാൻ, ബ്രിജേന്ദ്ര സിങ് ഓല, രാജേന്ദ്ര സിങ്, മുരരിലാൽ മീന എന്നിവരാണ് സഹമന്ത്രിമാർ.

പൈലറ്റ് ക്യാമ്പിൽനിന്ന് മൂന്നു പേർ കാബിനറ്റ് മന്ത്രിമാരും രണ്ടു പേർ സഹമന്ത്രിമാരുമാകും. മന്ത്രിസഭയിൽ നാലുപേർ ദലിത് വിഭാഗത്തിൽനിന്നുള്ളവരാണ്. പുനസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. മന്ത്രിമാരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം. സച്ചിൻ പൈലറ്റും മുതർന്ന നേതാക്കളും തമ്മിൽ ഡൽഹിയിൽ നടന്ന നിരവധി ചർച്ചകൾക്കുശേഷമാണ് രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് കളമൊരുങ്ങിയത്.

സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ഗെഹ്േലാട്ടും ചർച്ച നടത്തിയിരുന്നു. ഗെഹ്േലാട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുന:സംഘടന നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

Tags:    
News Summary - Gehlot's new team ready: 11 Cabinet Ministers, 4 new MoS to take oath; five from Pilot camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.