ദിസ്പൂർ: അസമിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടർമാരെ വനം വകുപ്പ് മേധാവി ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരെയാണ് സ്പെഷ്യൽ ചീഫ് സെക്രട്ടറിയും ഫോറസ്റ്റ് ഫോഴ്സ് മേധാവിയുൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥി കൃപ നാഥ് മല്ലയ്ക്ക് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ബുൾഡോസറുകളെ നേരിടാൻ തയ്യാറാകാനുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി.
സംഭവത്തിൽ പരാതിക്കാർക്ക് വേണ്ടി അഡ്വ. അബ്ദുൾ കാഷിം തലുക്ദാറും അഡ്വ. മൊമൊതാസ് ബീഗവുമാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. വനം വകുപ്പ് മേധാവി എം.കെ യാദവ്, സിൽചാർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജീവ് കുമാർ ദാസ്, രണ്ട് ഡി.എഫ്.ഒമാരായ അഖിൽ ദത്ത, വിജയ് ടിംബാക് പാൽവെ, ചെരാഗി ഡെപ്യൂട്ടി റെയ്ഞ്ചർമാരായ മനോജ് സിൻഹ, ഫോറസ്റ്റർ അജിത് പോൾ, ബീറ്റ് ഓഫീസർ ഫായിസ് അഹമദ്, ഫോറസ്റ്റ് ഗാർഡ് തപഷ് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
വെള്ളിയാഴ്ചയായിരുന്നു കരിംഗഞ്ച് മണ്ഡലത്തിലെ വോട്ടെടുപ്പ്. 69 ശതമാനം മുസ്ലിം വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. 24 സ്ഥാനാർത്ഥികൾ മണ്ഡലത്തിലുണ്ടെങ്കിലും സിറ്റിങ് എം.പിയും കോൺഗ്രസ് നേതാവുമായ ഹാഫിസ് റാഷിദ് അഹമദ് ചൗധരിയും ബി.ജെ.പിയുടെ മല്ലയും തമ്മിലാണ് പോരാട്ടം.
കരിഗംഞ്ചിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രാദേശിക കോടതിയിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒൻപത് വനം വകുപ്പ് ഉദ്യോഗസ്ഥരും 45 ഓളം മറ്റ് വ്യക്തികളും തങ്ങളെ അസഭ്യം പറയുകയും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ചുവെന്നുമായിരുന്നു പരാതി. അസം പൊലീസ് കമാൻഡോ, വനം വകുപ്പ് ഉദ്യോഗസ്ഥർ, സായുധ വനം വകുപ്പ് ഗാർഡുകൾ എന്നിവരുൾപ്പെടെയുള്ള സംഘം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ വീട്ടിലെത്തിയെന്നും മണിക്കൂറുകളോളം തെരച്ചിൽ നടത്തുകയും ശേഷം തങ്ങളുടെ ചിത്രങ്ങൾ പകർത്തി മടങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 24നായിരുന്നു പരാതി സമർപ്പിച്ചത്. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജൂൺ 7ന് ശേഷം ബുൾഡോസർ ഉപയോഗിച്ച് അവരെ വീടുകളിൽ നിന്ന് പുറത്താക്കുമെന്നും പരാതിയിലുണ്ട്. അഭയാർത്ഥികൾ, അഭയാർത്ഥിയായ മുസ്ലിങ്ങളുടെ മക്കൾ, തുടങ്ങി അപകീർത്തികരമായ പ്രയോഗങ്ങളാണ് ഉദ്യോഗസ്ഥർ തങ്ങൾക്കെതിരെ നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്താൽ സമാധാനത്തിൽ പ്രദേശത്ത് താമസിക്കാനാകുമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘം പറഞ്ഞതായാണ് പരാതിയിലെ ആരോപണം.
സംഭവത്തിൽ കൃപ നാഥ് മല്ല പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.