കോൺഗ്രസ് പാർട്ടിയിലും രാഷ്ട്രീയത്തിലും നെഹ്റു-ഗാന്ധി കുടുംബത്തിനുള്ള മേൽകോയ്മ അറിഞ്ഞു കൊണ്ട് തന്നെ നേതൃത്വത്തെ വെല്ലുവിളിച്ച ജി 23 സംഘത്തിലെ കരുത്തനായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ്. കോൺഗ്രസിൽ നേതൃമാറ്റം അടക്കം അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട 23 പേരിൽ ഒരാളാണ് അദ്ദേഹം.
2021ലാണ് കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ അടക്കം മുതിർന്ന 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. പാർട്ടിയിൽ അടിമുടി നേതൃമാറ്റം വേണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടത്. കോൺഗ്രസിന് സജീവമായി പ്രവർത്തിക്കുന്ന മുഴുവൻ സമയ അധ്യക്ഷനെ വേണമെന്ന ആവശ്യവും സംഘം മുന്നോട്ടുവെച്ചു.
ദേശീയ രാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ പോലുള്ള നേതാക്കൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ അമിതമായ സ്വാധീനം ചെലുത്തുകയും അനാവശ്യമായി തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്യുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുരുതര പ്രതിസന്ധി പാർട്ടി നേരിടുന്ന സന്ദർഭത്തിൽ എഴുതിയ കത്തിനെ രാഹുൽ ഗാന്ധി രൂക്ഷമായാണ് വിമർശിച്ചത്. നേതാക്കളുടെ പ്രവർത്തനം ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും സംഘടനാ കാര്യങ്ങൾ മാധ്യമങ്ങളിലല്ല മറിച്ച് പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ച ചെയ്യേണ്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ കത്തെഴുതിയ സംഘത്തിലെ പ്രമുഖരായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയാണ് കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വൻ തിരിച്ചടിക്ക് പിന്നാലെ ശക്തമായ ചേരിതിരിവാണ് കോൺഗ്രസിൽ രൂപപ്പെട്ടത്. കോൺഗ്രസിനെ നെഹ്റു കുടുംബം നയിക്കണമെന്ന് പ്രവർത്തക സമിതി തീരുമാനിച്ചതിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജി23 സംഘം രംഗത്തു വരുകയും പ്രത്യേക യോഗം ചേരുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്നുള്ള ശശി തരൂരും പി.ജെ കുര്യനും ഉൾപ്പെടെ അഞ്ച് എം.പിമാർ അടക്കം 16 പേരാണ് അന്ന് ഗുലാംനബി ആസാദിന്‍റെ വസതിയിൽ നടന്ന അത്താഴവിരുന്ന് ചർച്ചയിൽ പങ്കെടുത്തത്. കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർസിങ് ഹൂഡ, മണിശങ്കരയ്യർ, പൃഥ്വിരാജ് ചവാൻ, അഖിലേഷ് പ്രസാദ് സിങ്, രാജ് ബബ്ബാർ തുടങ്ങിയവ പ്രമുഖരും ഇതിൽപ്പെടും. ദേശീയ രാഷ്ട്രീയത്തിൽ ഗുലാം നബി അടക്കം പരിചയ സമ്പത്തുള്ള നേതാക്കളുടെ സേവനം തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഉപയോഗിക്കാതെ സ്വാധീനമില്ലാത്ത നേതാക്കളെ മുമ്പിൽ നിർത്തുന്നതിനെ അന്നത്തെ യോഗം വിമർശിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അന്ന് ഗുലാം നബി നടത്തിയ പ്രതികരണം വലിയ വാർത്തയായിരുന്നു. 'ഞാൻ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാർട്ടിക്ക് നൽകി. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- എന്നായിരുന്നു പ്രതികരണം.
ഏതാനും ദിവസം മുമ്പ് മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസ് അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ് ഗുലാം നബി ആസാദിന്‍റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.