അലഹബാദ്: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കൾക്ക് മൗലികാവകാശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കണമെന്നും പശുക്കളെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കാൻ കർശന നിയമങ്ങൾ നിർമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പശുവിനെ അറുത്തതിന് അറസ്റ്റിലായ ജാവേദ് എന്നയാളുടെ ജാമ്യം റദ്ദാക്കിയാണ് ജഡ്ജി ശേഖര്‍ യാദവിന്‍റെ നിരീക്ഷണം.
പ്രതിക്കെതിരെ മുമ്പും സമാന കേസ് ഉണ്ടായിരുന്നുവെന്നും ജാമ്യംനൽകിയാൽ സാമൂഹിക സ്പർധക്ക് ഇടയാക്കുമെന്നും ജഡ്ജി പറഞ്ഞു. ഗോവധ നിരോധന നിയമത്തിലെ 3, 5, 8 വകുപ്പുകൾ പ്രകാരമാണ് ജാവേദിനെതിരെ കേസെടുത്തത്.
കൊല്ലാനുള്ള അവകാശത്തിന് മുകളിലാണ് ജീവിക്കാനുള്ള അവകാശം. രാജ്യത്തിന്‍റെ സംസ്കാരത്തിനും വിശ്വാസത്തിനും വേദനിച്ചാല്‍ രാജ്യം ക്ഷയിക്കും. ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല മൗലികാവകാശം. പശുവിനെ ആരാധിക്കുന്നവര്‍ക്കും അതിലൂടെ സാമ്പത്തികം കൈവരിക്കുന്നവര്‍ക്കും ജീവിതം നയിക്കാന്‍ അവകാശമുണ്ട്. ബീഫ് കഴിക്കുക എന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രായമായാലും രോഗിയായാലും പശു ഉപകാരമുള്ള മൃഗമാണ്. ഹിന്ദുക്കള്‍ മാത്രമല്ല പശുവിന്‍റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുള്ളത്. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ തുടങ്ങി ഇന്ത്യയുടെ സംസ്കാരം മനസ്സിലാക്കിയ അഞ്ചു മുസ്‍ലിം ഭരണാധികാരികളും പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സുപ്രീം കോടതിയും മറ്റുകോടതികളും പശു സംരക്ഷണത്തിനും പ്രചാരണത്തിനും നിരവധി തീരുമാനങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. പാര്‍ലമെന്‍റും നിയമനിര്‍മാണ സഭകളും പുതിയ നിയമങ്ങള്‍ നിര്‍മിച്ച് പശുക്കളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഷെഡുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും സംരക്ഷിക്കേണ്ട ജനങ്ങള്‍ അക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നതായും കോടതി പറഞ്ഞു. പട്ടിണിയും രോഗങ്ങളും കാരണവും പോളിത്തീന്‍ ഭക്ഷിച്ച് രോഗം ബാധിച്ചും പശുക്കള്‍ ചാവുന്ന സാഹചര്യങ്ങളുണ്ട്. കറവ വറ്റിയ പശുക്കള്‍ റോഡുകളിലും തെരുവുകളിലും മോശം അവസ്ഥയില്‍ കാണുന്നു. രോഗികളും വന്ധ്യകരണം നടത്തിയ പശുക്കളും പരിചരണമില്ലാതെ കാണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പശുക്കളെ സംരക്ഷിക്കേണ്ട ജനങ്ങളൊക്കെ എവിടെയാണ്? - കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.