യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു; ഗോവ മന്ത്രിക്കെതിരെ കോൺഗ്രസ്; വ്യാജമെന്ന് ബി.ജെ.പി

പനാജി: മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള ഗോവ സർക്കാറിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി കോൺഗ്രസ്. മന്ത്രി ഓഫിസ് ദുരുപയോഗം ചെയ്ത് ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതായി ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോദൻകർ പറഞ്ഞു.

എന്നാൽ, മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. 20 ദിവസം മുമ്പ് ഉത്തരവാദപ്പെട്ട രണ്ടുപേർ തന്നെ കാണാനെത്തിയെന്നും മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്‍റെ വീഡിയോ, ഓഡിയോ തെളിവുകളും വാട്സ് ആപ്പ് ചാറ്റുകളും കാണിച്ചെന്നും ഗിരീഷ് പറഞ്ഞു. തങ്ങളുടെ മാന്യതയും ധാർമിക ഉത്തരവാദിത്തവും കൊണ്ടാണ് ഇതുവരെ മന്ത്രിയുടെ പേര് വെളിപ്പെടുത്താത്തത്.

വിഷയത്തിൽ രണ്ടു കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെയും യുവതിയുടെയും കുടുംബങ്ങൾ. അവർ ഇതിൽ തെറ്റുകാരല്ല. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് 15 ദിവസം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോട്ടിലാണെന്നും ഗിരീഷ് വ്യക്തമാക്കി.

നിലവിൽ ഗോവ സർക്കാറിൽ 12 മന്ത്രിമാരാണുള്ളത്. ഒരാൾ വനിതയാണ്. തെളിവുകൾ മുഖ്യമന്ത്രിയെ കാണിച്ചെങ്കിലും അദ്ദേഹം മന്ത്രിയെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് ശ്രമിച്ചതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മന്ത്രി പാപം ചെയ്തെങ്കിൽ, അതിലും വവിയ പാപമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

അതേസമയം, മന്ത്രിക്കെതിരെ ലൈംഗികാരോപണ പരാതിയില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഗോവ ബി.ജെ.പി അധ്യക്ഷൻ സദാനന്ദ തനവാഡെ പ്രതികരിച്ചു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മഹിള കോൺഗ്രസ് അധ്യക്ഷ ബീന നായിക്, മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    
News Summary - Goa Congress alleges ‘sex scandal’ involving cabinet minister, BJP says ‘fake’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.