മുംബൈ: ഗോവയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) നേതാവായ ഉപമുഖ്യമന്ത്രി സുദിൻ ധാവലിക്കറെ ബി.ജെ.പി സ ഖ്യ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ മൂന്ന് എം.എൽ.എമാരിൽ രണ്ടുപേർ ബി.ജെ.പിയിലേക്ക് കൂറുമാറി മണി ക്കൂറുകൾക്കകമാണ് സുദിൻ ധാവലിക്കറെ പുറത്താക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർക്ക് കത്ത് നൽകിയത്. മനോഹർ അസഗവങ്കർ, ദീപക് പവസ്കർ എന്നിവരാണ് ബുധനാഴ്ച പുലർച്ച രണ്ടിന് ബി.ജെ.പിയിൽ ലയിക്കുന്നതായി താൽക്കാലിക സ്പീക്കർ മൈക്കിൾ ലോബോക്ക് കത്തു നൽകിയത്. അസഗവങ്കർ പ്രമോദ് സാവന്ത് മന്ത്രിസഭയിൽ അംഗമാണ്. പവസ്കർ ബുധനാഴ്ച അർധരാത്രിയോടെ മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.
ബുധനാഴ്ച ഉച്ചക്ക് എം.ജി.പിയുടെ നിർവാഹക സമിതി ചേരാനിരിക്കെയാണ് എം.എൽ.എമാരുടെ കൂറുമാറ്റ നാടകം പാതിരാ നേരത്ത് അരങ്ങേറിയത്. നിർവാഹക സമിതിയിൽ എം.എൽ.എമാരെ പുറത്താക്കാനും സർക്കാറിനുള്ള പിന്തുണ പിൻവലിക്കാനുമായിരുന്നു എം.ജി.പിയുടെ നീക്കം. പാർട്ടി ജനറൽ സെക്രട്ടറി ലാവൂ മംമ്ലേദാറിനെ കഴിഞ്ഞ ദിവസം എം.ജി.പി പുറത്താക്കിയിരുന്നു. മനോഹർ പരീകറുടെ മരണത്തെ തുടർന്ന് നടന്ന അധികാര ചർച്ചക്കിടെ അസഗവങ്കറും പവസ്കറും ബി.ജെ.പിയിലേക്ക് കൂറുമാറാൻ ഒരുങ്ങിയതാണ്.
എന്നാൽ, നാല് സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ കൂറുമാറ്റം വേണ്ടെന്നായിരുന്നു ബി.ജെ.പി നിലപാട്. എം.ജി.പി പ്രസിഡൻറ് ദീപക് ധാവലിക്കറെ ഷിരോദ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ലക്ഷ്യം. സുദിൻ ധാവലിക്കർക്ക് ഉപമുഖ്യമന്ത്രി പദം നൽകിയത് ഇതിെൻറ പേരിലാണ്. എന്നാൽ, പിന്നീട് അപകടം തിരിച്ചറിഞ്ഞ ദീപക് ധാവലിക്കർ ഷിരോദയിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ബി.ജെ.പിയുടെ തന്ത്രം പാളി.
രണ്ട് എം.ജി.പിക്കാരുടെ വരവോടെ ബി.ജെ.പിയുടെ അംഗബലം സ്പീക്കർ ഉൾപ്പെടെ 14 ആയി. ധാവലിക്കർ പുറത്തായതോടെ നിലവിലെ 36 അംഗ സഭയിൽ ഭരണപക്ഷത്തിെൻറ അംഗബലം 20 ആയി കുറഞ്ഞു. കോൺഗ്രസിനും 14 അംഗങ്ങളാണുള്ളത്. ഏക എൻ.സി.പി എം.എൽ.എ കോൺഗ്രസിന് ഒപ്പമാണ്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നാലു നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഈ മണ്ഡലങ്ങളിലും രണ്ട് ലോക്സഭ മണ്ഡലങ്ങളിലും മത്സരിക്കാൻ എം.ജി.പി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.