ഡെറാഡൂൺ: കോടിക്കണക്കിന് പേർ പെങ്കടുക്കുന്ന കൻവാർ യാത്രക്ക് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ യു.പി സർക്കാർ ഒരുക്കം തുടരവേ എതിരഭിപ്രായവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. കോവിഡ് കാരണം മനുഷ്യജീവൻ പൊലിയുന്നത് ദൈവം ഇഷ്ടപ്പെടില്ലെന്നാണ് ഉത്തരാഖണ്ഡിന്‍റെ 11ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ പുഷ്കർ സിങ് ധാമി പറഞ്ഞത്. ആജ് തക് ടി.വി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ധാമി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ കൻവാർ യാത്ര ഉപേക്ഷിക്കാൻ മുൻമുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ധാമി ചുമതലയേറ്റ ശേഷം കൻവാർ തീർത്ഥാടനത്തെക്കുറിച്ചുള്ള തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ''ഉത്തരാഖണ്ഡ് ആതിഥേയർ മാത്രമാണ്. ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് വിശ്വാസികളാണ് തീർഥാടനത്തിന് വരുന്നത്. ഈ സംസ്ഥാനങ്ങ്ുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കും'' -എന്നായിരുന്നു ധാമിയുടെ മറുപടി. ''ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസമാണ്. എങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകരുത്. ജീവൻ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. കോവിഡ് ബാധിച്ച് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ദൈവത്തിന് ഇഷ്ടപ്പെടില്ല'' -അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 25 മുതൽ കൻവർ യാത്ര തുടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. തുടർ നടപടികൾ സ്വീകരിക്കാൻ ഉേദ്യാഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, കൻവാർ യാത്ര വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയിലാണ് വിദഗ്ധർ. കുംഭമേളയെ തുടർന്നുണ്ടായ കോവിഡ് വ്യാപനത്തേക്കാൾ വലിയ രോഗബാധ കൻവാർ യാത്രയെ തുടർന്ന് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കൻവാർ യാത്രക്ക് അനുമതി നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. കുംഭമേളയിൽ പങ്കെടുത്തതിനേക്കാൾ ആളുകൾ കൻവാർ യാത്രക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കക്ക് കാരണം.
ഏകദേശം രണ്ട് കോടി മുതൽ അഞ്ച് കോടി ആളുകൾ കൻവാർ യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ട സമയമാണിത്. എന്നാൽ, കൻവാർ യാത്രയുടെ സമയത്ത് ഇത് പാലിക്കുക പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ പടിവാതിൽക്കൽ നിൽക്കുേമ്പാൾ കൻവാർ യാത്രക്ക് അനുമതി നൽകുന്നത് ശ്രദ്ധയോടെ മാത്രം വേണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.