ചണ്ഡീഗഡ്: ദേശവിരുദ്ധമെന്ന പരാതിയെ തുടർന്ന് ഒരു ആപ്പ് കൂടി ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി. ‘2020 സിഖ് റെഫറൻഡം’ എന്ന ആപ്പ് ആണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ അഭ്യർഥന മാനിച്ച് ഗൂഗ്ൾ തങ്ങളുടെ ആൻ ഡ്രോയ്ഡ് വിപണിയിൽ നിന്ന് നീക്കം ചെയ്തത്. ഈ ആപ്പ് ഇനി ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ ലഭ്യമാവില്ല.
ഐസ്ടെക് നിർമിച്ച ആപ്പ് അവതരിപ്പിച്ചതിലൂടെ ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി നേരിടാൻ കേന്ദ്ര സുരക്ഷാ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ ഗൂഗ്ളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്ത് പഞ്ചാബ് റെഫറൻഡം 2020 ഖാലിസ്ഥാൻ നീക്കത്തിന് വോട്ട് ചെയ്യണമെന്നാണ് ആപ്പ് ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി www.yes2khalistan.org എന്ന െവബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റി സിഖ് രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് ഖാലിസ്ഥാൻ വാദികളുടെ ആവശ്യം. ഇതിനായി ഹിത പരിശോധന നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് ‘2020 സിഖ് റെഫറൻഡം’ എന്ന ആപ്പും വെബ്സൈറ്റും തുടങ്ങിയത്.
സമീപ കാലത്ത് വിദ്വേഷം പ്രചരിപ്പിക്കുന്ന 29 ആപ്പുകൾ ഗൂഗ്ൾ തങ്ങളുടെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.