ന്യൂഡൽഹി: ഭരണഘടനക്കുമേലുള്ള ആക്രമണമെന്ന പ്രതിപക്ഷ വിമർശനത്തിനിടെ, ‘വഖഫ് ഭേദഗതി ബിൽ 2024’ വിശദ പരിശോധനക്കും കൂടിയാലോചനക്കും സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് എൻ.ഡി.എ ഘടകകക്ഷികളായ തെലുഗുദേശത്തിന്റെയും ജനതാദൾ-യുവിന്റെയും പിന്തുണയോടെ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ വിവാദ ബിൽ അവതരിപ്പിച്ചത്.
മോദി സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് ഇൻഡ്യ കക്ഷികൾക്കൊപ്പം അവതരണത്തെ എതിർത്തു. ബിൽ അവതരണം വോട്ടിനിടണമെന്ന അസദുദ്ദീൻ ഉവൈസിയുടെയും ചന്ദ്രശേഖർ ആസാദിന്റെയും ആവശ്യം സ്പീക്കർ ഓം ബിർള തള്ളി. അതേസമയം, ബിൽ ജെ.പി.സിക്ക് വിടാമെന്ന സർക്കാർ നിർദേശം ഭരണ-പ്രതിപക്ഷ ഭേദമന്യേ ലോക്സഭ അംഗീകരിച്ചു.
2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ഒരു വിഷയം സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നത്. വഖഫുമായി ബന്ധപ്പെട്ട രണ്ടാമത്തെ ജെ.പി.സിയാണിത്. യു.പി.എ കാലത്ത് കെ.എ. റഹ്മാൻ ഖാൻ അധ്യക്ഷനായ ജെ.പി.സി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013ൽ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പലതും റദ്ദാക്കുന്ന ബില്ലാണിത്.
വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നൽകുകയും കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‍ലിംകൾ നിർബന്ധമാക്കുകയും ചെയ്യുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകളുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നേരത്തേ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇക്കാര്യം സഭയെ അറിയിച്ച സ്പീക്കർ നിയമമന്ത്രി ബിൽ അവതരിപ്പിക്കുംമുമ്പ് നോട്ടീസ് നൽകിയ വിവിധ പ്രതിപക്ഷ പാർട്ടി പ്രതിനിധികളെയും ഭരണപക്ഷത്തുനിന്ന് ജനതാദൾ-യു, തെലുഗുദേശം പ്രതിനിധികളെയും സംസാരിക്കാൻ അനുവദിച്ചു.
അവതരണത്തെ എതിർത്ത് ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ബിൽ ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും 26ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്നും കുറ്റപ്പെടുത്തി. ആദ്യം മുസ്‍ലിംകള്‍ക്കെതിരെ തിരിയുന്ന നിങ്ങൾ പിന്നീട് ക്രിസ്ത്യാനികള്‍ക്കെതിരെയും ജൈനര്‍ക്കെതിരെയും പാഴ്‌സികള്‍ക്കെതിരെയും തിരിയുമെന്ന് കേന്ദ്ര മന്ത്രിമാരായ അമിത് ഷായോടും രാജ്നാഥ് സിങ്ങിനോടുമായി പറഞ്ഞു.
അമുസ്‍ലിംകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന ഭേദഗതി പോലെ അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആർക്കെങ്കിലും ചിന്തിക്കാനാകുമോയെന്നും വേണുഗോപാല്‍ ചോദിച്ചു. വിവാദ വഖഫ് ബില്ലിലും ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി ലല്ലൻ സിങ്(ജനതാദൾ-യു), ഹരീഷ് ബാലയോഗി (ടി.ഡി.പി) എന്നിവർ ബില്ലിനെ പിന്തുണച്ചു. ചില പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെടുംപോലെ ബിൽ പാർലമെന്ററി സമിതി പരിശോധനക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ടി.ഡി.പി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ കേന്ദ്ര മന്ത്രി കിരൺ റിജിജു ബിൽ 9.4 ലക്ഷം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനാണെന്ന് മറുപടി നൽകി. യു.പി.എ കാലത്തെ സച്ചാർ കമ്മിറ്റി റിപ്പോർട്ട്, ജെ.പി.സി റിപ്പോർട്ട് എന്നിവയുടെ ശിപാർശകൾ പരിഗണിച്ച് മാഫിയ കൈയടക്കിവെച്ച വഖഫ് ബോർഡുകൾ സുതാര്യമാക്കി മുസ്‍ലിംകളിൽ വഖഫിന്റെ പ്രയോജനം ലഭ്യമാകാത്തവർക്ക് എത്തിക്കാനാണ് ബിൽ കൊണ്ടുവരുന്നതെന്നും പാവപ്പെട്ട മുസ്‍ലിംകളുടെയും വനിതകളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാറിന്റെ നീക്കമെന്നും റിജിജു അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.