മുംബൈ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന. കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെയും വിമർശനം ഉന്നയിച്ചു.
'ഇന്നലെവരെ നാല് അംഗങ്ങളും കാർഷിക നിയമങ്ങൾക്ക് വേണ്ടി വാദിച്ചിച്ചിരുന്നു. അതിനാൽ തന്നെ കർഷക സംഘടനകൾ സമിതിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ഖാലിസ്ഥാൻ അനുകൂലികൾ കർഷക സമരത്തിൽ പങ്കെടുക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. സർക്കാറിന്‍റെ ഈ പ്രസ്താവന ഞെട്ടിക്കുന്നു' -എഡിറ്റോറിയലിൽ പറയുന്നു.
സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. സമിതി രൂപീകരണത്തിൽ കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. മൂന്ന് കാർഷിക നിയമങ്ങളെയും പിന്തുണക്കുകയും അവക്കായി നിരന്തരം വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്ന് കർഷക സംഘടനകൾ പറഞ്ഞു.
'ഖാലിസ്ഥാൻ അനുകൂലികൾ പ്രക്ഷോഭത്തിൽ പങ്കുചേർന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാറിന്‍റെ പരാജയമാണ്. സർക്കാറിന് ഈ പ്രക്ഷോഭം അവാസാനിപ്പിക്കണമെന്നില്ല. രാജ്യദ്രോഹികളെന്ന് ആരോപിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നീക്കം' -ശിവസേന പറയുന്നു.
'സ്വാതന്ത്രത്തിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ അച്ചടക്കേത്താടെയും നിശ്ചയദാർഡ്യത്തോടെയുമുള്ള സമരം. കർഷകരുടെ ധൈര്യവും നിശ്ചയദാർഡ്യവും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്യണം. അവരെ ബഹുമാനിച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കണം. അപ്പോൾ പ്രധാനമന്ത്രി വലുതായി തീരും' -സാമ്ന കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.