ഗവർണർ ആലങ്കാരിക പദവിയോ രാഷ്ട്രീയ പദവിയോ അല്ല; സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാകണം - ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഗവർണർമാരുടെ ഓഫിസ് ആലങ്കാരിക പദവിയോ രാഷ്​ട്രീയ പദവിയോ അല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗവർണർമാർ സംസ്ഥാനങ്ങൾക്ക് വഴികാട്ടിയായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ശേഷി​ക്കെയാണ് വെങ്കയ്യ നായിഡുവിന്റെ ആഹ്വാനം.

സർക്കാർ ധനസഹായം നൽകുന്ന പരിപാടികൾ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഗവർണർമാരോട് അഭ്യർഥിച്ചു. ഗവർണർമാരുടെ പെരുമാറ്റം സംസ്ഥാന ഭരണകൂടത്തിന് മാതൃകയാകണമെന്നും ഉപരാഷ്ട്രപതി ഓഫിസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവർണർമാർക്ക് നൽകിയ വിരുന്നിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ വിരുന്നിൽ പ​ങ്കെടുത്തു.

ചാൻസലർമാർ എന്ന നിലയിൽ ഗവർണർമാർ അവരുടെ സംസ്ഥാനത്തെ കഴിയുന്നത്ര സർവ്വകലാശാലകൾ ഇടക്കിടെ സന്ദർശിക്കണം. വിദ്യാർഥികളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അവരുമായി സംവാദങ്ങളും നടത്തണം. ദേശീയ വിദ്യാഭ്യാസ നയം 2020 അതിന്റെതായ രീതിയിൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ക്ഷയരോഗ നിർമാർജനത്തിലും മറ്റ് ആരോഗ്യ ബോധവത്കരണ സംരംഭങ്ങളിലും ഗവർണർമാർക്കും പ്രധാന പങ്കാളികളാകാൻ കഴിയും. വാക്സിനേഷന് ആളുകളെ പ്രേരിപ്പിച്ചത് എങ്ങനെയാണ് നല്ല ഫലങ്ങൾ ഉണ്ടാക്കിയതെന്നും ഇന്ത്യയിൽ മരണനിരക്ക് കുറച്ചതെന്നും നായിഡു ചൂണ്ടിക്കാട്ടി.

വിവിധ വാക്സിനേഷൻ കാമ്പയിനുകളിൽ ഗവർണർമാർ പങ്കാളികളാകണമെന്നും ആളുകളുമായുള്ള ആശയവിനിമയത്തിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയണമെന്നും അദ്ദേഹം നിർദേശിച്ചു.

2017-ൽ ഉപരാഷ്ട്രപതിയായ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. ഇത്തവണ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഭരണകക്ഷിയായ എൻ.ഡി.എയുടെ സ്ഥാനാർഥി. ആഗസ്റ്റ് ആറിനാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - Governor is neither a figurative title nor a political title- Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.