ന്യൂഡൽഹി: യോഗ ഗുരു രാംദേവിെൻറ പതഞ്ജലി കമ്പനി പുറത്തിറക്കിയ കോവിഡ് -19 'മരുന്നി'നെച്ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെ രാംദേവിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി. രാംദേവ് രാജ്യത്തിനായി എന്തെങ്കിലും ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാർ സന്തുഷ്ടരാണെന്നാണ് ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞത്.
ദിവസങ്ങൾക്കകം കോവിഡ് ഭേദമാക്കുമെന്ന അവകാശ വാദവുമായി 'കൊറോണിൽ' എന്ന മരുന്നാണ് കഴിഞ്ഞ ദിവസം പതഞ്ജലി പുറത്തിറക്കിയത്. എന്നാൽ, ചട്ടം പാലിച്ചല്ല മരുന്ന് നിർമിച്ചതെന്ന് കാണിച്ച് ആയുഷ് മന്ത്രാലയം ഇടപെട്ടു. മരുന്നിെൻറ ഘടനയും മറ്റ് വിവരങ്ങളും ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. മരുന്ന് പരിശോധിച്ച് ഫലം ലഭിക്കുന്നത് വരെ ഉത്പന്നം പരസ്യം ചെയ്യരുതെന്നും അറിയിപ്പ് നൽകിയിരുന്നു
ഇതിനുപിന്നാലെയാണ് രാജ്യ ക്ഷേമത്തിനായി പതഞ്ജലി ഗവേഷണം നടത്തുന്നതിൽ സർക്കാർ സന്തുഷ്ടരാണെന്ന് മന്ത്രി 'ദി പ്രിന്റി'നോട് പറഞ്ഞത്. പക്ഷേ, എല്ലാ ചട്ടങ്ങളും കമ്പനി പാലിക്കണമെന്നും കേന്ദ്ര ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) വകുപ്പ് മന്ത്രിയായ ശ്രീപദ് നായിക് ചൂണ്ടിക്കാട്ടി. "അവരുടെ ഉദ്ദേശ്യം തെറ്റല്ല. പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന പിഴവ് അവർ അംഗീകരിച്ചിട്ടുണ്ട്'' -മന്ത്രി പറഞ്ഞു.
മരുന്ന് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയല്ല, പകരം കോവിഡിൽനിന്ന് പൂർണമുക്തി ലഭ്യമാക്കുമെന്നാണ് ബാബാ രാംദേവിെൻറ അവകാശവാദം. കോവിഡ് ബാധിച്ചവർക്ക് 100 ശതമാനം രോഗമുക്തി നൽകിയതായും വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, പതഞ്ജലിയുടെ അവകാശവാദത്തിെൻറ വസ്തുതകളും മരുന്നുമായി ബന്ധപ്പെട്ട ശാസ്ത്ര പഠനത്തിെൻറ വിശദാംശങ്ങളും അറിയില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഏതൊക്കെ ആശുപത്രികളിലാണ് മരുന്ന് ഗവേഷണം നടത്തിയതതെന്ന കാര്യവും ഇൻസ്റ്റിറ്റ്യൂഷണൽ എതിക്സ് കമ്മിറ്റി ക്ലിയറൻസും പതഞ്ജലിയോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.