ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും പാര്‍ലമെന്‍റ് സ്തംഭനാവസ്ഥയും മൂലം ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിയുന്നു. നികുതി ഘടനയുടെ കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ പൊതുധാരണ രൂപപ്പെടുത്തുകയും അതിന്‍െറ കരടുരൂപം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നോട്ട് അസാധുവാക്കലിനു മുമ്പത്തെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നതിനാല്‍ തിരക്കിട്ട് സുപ്രധാന നികുതി പരിഷ്ക്കരണം നടപ്പാക്കാന്‍ കഴിയില്ളെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നികുതി വരുമാനം കുറഞ്ഞ ഇന്നത്തെ നില അടിസ്ഥാനപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് നല്‍കേണ്ട നഷ്ടപരിഹാരം നിശ്ചയിക്കാന്‍ കഴിയില്ല. വിഹിതം കുറയുക വഴി സംസ്ഥാനങ്ങള്‍ക്ക് വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാനാവില്ല. കേന്ദ്രത്തിനാകട്ടെ, സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടം നികത്തിക്കൊടുക്കാന്‍ വരുമാനം ഉണ്ടാക്കാനും പ്രയാസമുണ്ട്.
നികുതി വരുമാനവും കേന്ദ്രത്തില്‍നിന്നുള്ള നഷ്ടപരിഹാരവും നഷ്ടക്കച്ചവടമായി മാറുന്ന വിധം ജി.എസ്.ടി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന് പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്ര ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്ത് ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍ എന്നിങ്ങനെ സാമ്പത്തിക രംഗത്തെ രണ്ട് സുപ്രധാന പരിഷ്ക്കാരങ്ങള്‍ ഒരേസമയം ഏറ്റെടുക്കാനുള്ള പ്രാപ്തി നിലവിലെ സാഹചര്യങ്ങളില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമില്ളെന്ന് അദ്ദേഹം പറഞ്ഞു. കേരള ധനമന്ത്രി തോമസ് ഐസക്കും നികുതി വരുമാനം പിരിഞ്ഞുകിട്ടുന്നതിന്‍െറ പ്രയാസം ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നരക്കോടിയില്‍ താഴെ വരുമാനമുള്ളവരുടെ സേവന നികുതി പിരിക്കുന്നത് സംസ്ഥാനങ്ങളും അതിനു മുകളിലുള്ള വരുമാനക്കാരുടെ സേവന നികുതി പിരിക്കേണ്ടത് കേന്ദ്രവുമാകണമെന്ന കാഴ്ചപ്പാടില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനുള്ള പോംവഴികള്‍ ജി.എസ്.ടി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. ഈ സാഹചര്യത്തില്‍ ജി.എസ്.ടിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിപുല ചര്‍ച്ച വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.