ന്യൂഡൽഹി: തട്ടിക്കൊണ്ടുപോയതാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ച കാഞ്ചൻ ജാരിവാലയുടെ പിന്മാറ്റം സൃഷ്ടിച്ച വിവാദത്തോടെ ചൂടുപിടിച്ച ഗുജറാത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാല് മുഖ്യമന്ത്രിമാരുമായി ബി.ജെ.പി തീവ്ര പ്രചാരണത്തിന് തുടക്കമിടുന്നു. സർവസന്നാഹങ്ങളുമായാണ് ബി.ജെ.പി പ്രചാരണത്തിനിറങ്ങുന്നത്. ഓരോ നാല് നിയമസഭ മണ്ഡലങ്ങൾക്കും ഒരു റാലി എന്ന തോതിൽ 25 റാലികൾ മോദി ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും അടക്കമുള്ള 38 സിറ്റിങ് എം.എൽ.എമാരെ മാറ്റിയത് ഭരണവിരുദ്ധവികാരം കൊണ്ടാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും പറയുമ്പോൾ ജയസാധ്യത മാത്രം പരിഗണിച്ചാണ് സ്ഥാനാർഥി പട്ടിക എന്നാണ് ബി.ജെ.പി നൽകുന്ന മറുപടി. സർക്കാറിനെതിരെ ഭരണവിരുദ്ധവികാരം ഇത്രയും കടുത്തതായതുകൊണ്ടാണ് ഇത്ര കൂടുതൽ പേർക്ക് ടിക്കറ്റ് നിഷേധിച്ചതെന്ന് കോൺഗ്രസും ആപും ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നതിൽ ആം ആദ്മി പാർട്ടിയുടെ പ്രചാരണം വലിയ പങ്കു വഹിക്കുന്നുണ്ടെങ്കിലും അവർ പ്രകടിപ്പിക്കുന്നത് അതിര് കടന്ന ആത്മവിശ്വാസമാണെന്നാണ് മുതിർന്ന മാധ്യമപ്രവർത്തക ദീപൽ ത്രിവേദി പറയുന്നത്. തെരുവുകളെ സജീവമാക്കുന്നതിൽ വിജയിച്ച ആപിന് താഴേതട്ടിൽ പ്രവർത്തിക്കാൻ കേഡറുകളുടെ അഭാവം കാണുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സ്ഥാനാർഥി നിർണയത്തിലും യോഗ്യരായ നേതാക്കളെ കിട്ടാത്ത പ്രശ്നം അവർക്കുണ്ട്. ആപ് വിജയം നേടിയില്ലെങ്കിലും വലിയൊരു വോട്ടുവിഹിതത്തിൽ പാർട്ടി മുേന്നറ്റമുണ്ടാക്കുമെന്നും ത്രിവേദി പറയുന്നു. ഏതായാലും ഒരു ദേശവിരുദ്ധ പാർട്ടിക്കായി താൻ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി കാഞ്ചൻ ജാരിവാല സൂറത്ത് ഈസ്റ്റിൽനിന്ന് പിന്മാറിയത് ആപിന് വലിയ തിരിച്ചടിയായി. സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിയും സമ്മർദവും ഉപയോഗിച്ച് പിൻവലിച്ചതാണെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയും കാത്തിരിക്കുകയാണ് ആപ്.
ആപ് ഉണ്ടാക്കുമെന്ന് ത്രിവേദി പറയുന്ന വോട്ടുനേട്ടം ആരുടെ ചെലവിലായിരിക്കുമെന്നതാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം. പ്രതിപക്ഷ വോട്ടുകളിലെ ഭിന്നതമൂലം ബി.ജെ.പിയുടെ തൊട്ടടുത്ത എതിരാളിയുടെ വോട്ടിൽ കുത്തനെയുണ്ടാകുന്ന ഇടിവ് ബി.ജെ.പിക്ക് ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നൽകും എന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഗുജറാത്തിൽ രണ്ടും മൂന്നും സ്ഥാനത്ത് ആരായിരിക്കുമെന്നാണ് താനിപ്പോൾ നോക്കുന്നതെന്നും ബി.ജെ.പിയുടെ വിജയം എന്തു മാത്രം വലുതായിരിക്കുമെന്നും മാത്രമേ ഇനി നോക്കേണ്ടതുള്ളൂ എന്നും സി.എസ്.ഡി.എസിലെ പ്രഫസർ സഞ്ജയ് ഗുപ്‍ത പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അത്തരമൊരു വൻവിജയം നേടിയാൽ അത് ആ പാർട്ടി അധികാരത്തിലെത്തണമെന്ന ജനങ്ങളുടെ അഭിലാഷംകൊണ്ടാവില്ലെന്നും ഭരണവിരുദ്ധ വോട്ടുകൾ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ഇടയിൽ ഭിന്നിക്കുന്നതുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായി മാറിയെന്നും കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നുമുള്ള അതിശയോക്തി കലർന്ന അവകാശവാദങ്ങളുമായാണ് ആം ആദ്മി പാർട്ടി മുന്നോട്ടുപോകുന്നത്. ഭാരത് ജോഡോ യാത്രയിൽനിന്ന് ഇനിയും ഗുജറാത്തിലെത്താത്ത രാഹുൽ ഗാന്ധിയെയും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമാകാത്ത കോൺഗ്രസിനെയും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പ്രചാരണം പാർട്ടി നടത്തുന്നത്.
എന്നാൽ, തെരുവിൽ അദൃശ്യരായതിനർഥം തങ്ങൾ പ്രചാരണരംഗത്തില്ലെന്നല്ല എന്നും മറിച്ച് വീടുവീടാന്തരം കയറിയിറങ്ങിയ പ്രചാരണത്തിലാണെന്നും ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് വന്നാൽ അത് മനസ്സിലാകുമെന്നുമാണ് കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത അവകാശപ്പെടുന്നത്. 2017ൽ 77 കോൺഗ്രസിന് കിട്ടുമെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും 32 സീറ്റ് പ്രവചിച്ചിടത്താണ് ഇതെന്നും ഓർക്കണമെന്നും ഗ്രാമപ്രദേശങ്ങളിൽ 127ൽ 70 സീറ്റുകൾ നേടിയത് കോൺഗ്രസാണെന്നും കോൺഗ്രസ് വക്താവ് പറയുന്നു. കോൺഗ്രസിന് ശക്തിയില്ലാത്ത സൂറത്ത് അടക്കമുള്ള നഗരങ്ങളിലെ ആപ് സാന്നിധ്യം ബി.ജെ.പിക്കായിരിക്കും തിരിച്ചടിയാവുക എന്നും ഗുപ്ത അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.