ഭാര്യയെ 'മുത്തലാഖ്' ചൊല്ലി; ഗുജറാത്തിൽ ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്

ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. ഗുജറാത്തിലെ മെഹ്‌സാന നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സാലിം നൂർ മുഹമ്മദ് വോറക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് കേസ്.

ഭാര്യ സിദ്ദീഖിബാൻ ആണ് സാലിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭർത്താവ് തന്നെ വാക്കാൽ മുത്തലാഖ് ചൊല്ലിയെന്ന് പരാതിയിൽ പറയുന്നു. ത്വലാഖ് ചൊല്ലുന്നതിന്റെ വിഡിയോ പകർത്തി രണ്ടുപേരുടെയും വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാർ ത്വലാഖിനെ പിന്തുണക്കുകയും തന്നെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അതേസമയം, ഭർത്താവിനെതിരെ മെഹ്‌സാന ജില്ലാ പൊലീസ് സുപ്രണ്ടിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സിദ്ദീഖിബാൻ ആരോപിച്ചിരുന്നു. ഡിവിഷൻ പൊലീസ് സ്റ്റേഷനിലും ഭർതൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെന്നും അവർ പറയുന്നു. 22 വർഷത്തിനിടെ നിരവധി തവണ പല കാരണങ്ങൾ പറഞ്ഞ് തന്റെ വീട്ടുകാരിൽനിന്ന് സാലിം പണം വാങ്ങിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒടുവിലാണ് മെഹ്‌സാന പൊലീസ് സാലിമിനെതിരെ കേസെടുത്തത്.

മെഹ്‌സാന നഗരസഭയിലെ പത്താം വാർഡ് കൗൺസിലറാണ് സാലിം നൂർ മുഹമ്മദ് വോറ. അഹ്മദാബാദ് ഗ്രാമീണ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. കോടതിയിൽ സാലിമിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സ്ത്രീയുമായി ഭർത്താവിന് അവിഹിതബന്ധമുള്ളതായും സിദ്ദീഖാബാൻ ആരോപിച്ചിരുന്നു. 2000ലാണ് സാലിമും സിദ്ദീഖിബാനും വിവാഹിതരാകുന്നത്.

Tags:    
News Summary - Gujarat BJP's Mehsana Corporator booked for giving 'triple talaq' to wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.