അഹമ്മദാബാദ്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി എം.എൽ.എ രാജിവെച്ചു. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് എം.എൽ.എ സി.ജെ ചാവ്ഡയാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച നിലപാടിൽ താൻ അസ്വസ്ഥനാണെന്ന് രാജിക്ക് പിന്നാലെ ചാവ്ഡ പ്രതികരിച്ചു.
വിജയ്പുർ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ എം.എൽ.എയായ ചാവ്ഡ രാവിലെ സ്പീക്കർ ശങ്കർ ചൗധരിയുടെ മുമ്പാകെയാണ് രാജിസമർപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുകയായിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് എല്ലാവരും ആഘോഷമാക്കുമ്പോൾ അതിൽ നിന്നും വിട്ടുനിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് തന്നെ അസ്വസ്ഥനാക്കിയെന്നും എം.എൽ.എ പറഞ്ഞു.
ഗുജറാത്തിൽ നിന്നുള്ള രണ്ട് നേതാക്കളുടെ നയങ്ങളെ എല്ലാവരും പിന്തുണക്കണം. നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പിന്തുണക്കേണ്ട സമയമാണിത്. കോൺഗ്രസിലായിരുന്നപ്പോൾ തനിക്ക് മോദിയേയും അമിത് ഷായേയും പിന്തുണക്കാൻ സാധിച്ചിരുന്നില്ലെന്നും ചാവ്ഡ പറഞ്ഞു.
ചാവ്ഡയുടെ രാജിയോടെ ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ അംഗസംഖ്യ 15 ആയി ചുരുങ്ങി. ചാവ്ഡ വൈകാതെ ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.