അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ‘മഹാസഖ്യം’ രൂപവത്കരിക്കുന്നതിന് പട്ടീദാർ, ദലിത്, പിന്നാക്ക നേതാക്കൾക്ക് കോൺഗ്രസിെൻറ ക്ഷണം. പട്ടീദാർ പ്രക്ഷോഭനേതാവ് ഹാർദിക് പേട്ടൽ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ഒ.ബി.സി-എസ്.സി/എസ്.ടി ഏക്താ മഞ്ച് നേതാവ് അൽപേഷ് താകോർ എന്നിവരുടെ പിന്തുണയോടെ 182ൽ 125 സീറ്റും നേടാനാകുമെന്ന്് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത്സിങ് സോളങ്കി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മൂന്നു നേതാക്കളും നിലപാട് വ്യക്തമാക്കാത്തത് േകാൺഗ്രസിനെ കുഴക്കുകയാണ്. നവംബർ ആദ്യം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ ധാരണ സംബന്ധിച്ച് അന്തിമരൂപമുണ്ടായേക്കും.
ശരദ് പവാറിെൻറ എൻ.സി.പി, ആം ആദ്മി പാർട്ടി, ജെ.ഡി.യു എം.എൽ.എ ചോട്ടു വാസവ എന്നിവരുമായും കോൺഗ്രസ് ബന്ധപ്പെടുന്നുണ്ട്. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസിന് പിന്തുണനൽകുമെന്ന് എൻ.സി.പി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ടുചെയ്തതിനെത്തുടർന്ന് എൻ.സി.പിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒറ്റിക്കൊടുത്തെങ്കിലും ബി.ജെ.പിയെ തുരത്താനുള്ള ശ്രമത്തിൽ എൻ.സി.പിക്കുവേണ്ടി തങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് സോളങ്കി പറഞ്ഞു. ജെ.ഡി(യു)നേതാവ് ശരത് യാദവിെൻറ അടുത്ത അനുയായിയും ആദിവാസി നേതാവുമായ ചോട്ടു വാസവയുടെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷംവരുന്ന പിന്നാക്ക- ദലിത് വിഭാഗത്തിെൻറ പിന്തുണയാണ് അൽപേഷ് താകോർ, ഹാർദിക് പേട്ടൽ ധാരണയിലൂടെ കോൺഗ്രസ് ലക്ഷ്യംെവക്കുന്നത്.
ജനസംഖ്യയിൽ 54 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളാണ്. 18 ശതമാനം പേട്ടൽ സമുദായവും ഏഴു ശതമാനം ദലിത് വിഭാഗവുമാണ്. േകാൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ റാലികളിൽ ആയിരക്കണക്കിന് പേട്ടൽ, പിന്നാക്ക വിഭാഗക്കാർ അണിനിരന്നത് പാർട്ടിക്ക് ആത്മവിശ്വാസമേകുന്നുണ്ട്. തിങ്കളാഴ്ച അഹ്മദാബാദിൽ നടത്തുന്ന ‘ജനാദേശ് സമ്മേളന’ത്തിൽ അൽപേഷ് നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് ബി.ജെ.പി സർക്കാറുമായി ഒത്തുതീർപ്പുണ്ടാക്കിയിട്ടുള്ള അൽപേഷിെൻറ അടുത്തനീക്കം എന്തായിരിക്കുമെന്ന് ഏവരും ഉറ്റുനോക്കുകയാണ്. സംവരണകാര്യത്തിലെ നിലപാട് നോക്കിയായിരിക്കും കോൺഗ്രസിനുള്ള പിന്തുണയെന്ന് പേട്ടൽ പറയുന്നു. മത്സരിക്കാനില്ലെന്നും സംവരണപ്രക്ഷോഭം തുടരുമെന്നും ഹാർദിക് പേട്ടൽ പറഞ്ഞു.
പേട്ടൽ 24കാരനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25 ആണ്. ഭാവിയിൽ മത്സരിക്കാൻ പേട്ടലിന് ടിക്കറ്റ് നൽകാൻ തയാറാണെന്ന് സോളങ്കി വ്യക്തമാക്കിയിട്ടുണ്ട്. തെൻറ പ്രസ്ഥാനത്തിന് രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും സമുദായ സംഘടനകളുമായി ചർച്ചചെയ്തേശഷമേ കോൺഗ്രസുമായുള്ള സഹകരണത്തെക്കുറിച്ച് തീരുമാനിക്കൂ എന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. 2012ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 47.9, കോൺഗ്രസിന് 38.9 ശതമാനം വോട്ടാണ് ലഭിച്ചത്. ഒമ്പതുശതമാനം മാത്രമായിരുന്നു വ്യത്യാസം. 22 വർഷമായി ഗുജറാത്തിൽ കോൺഗ്രസിന് സർക്കാറുണ്ടാക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.