ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം നർമദ കനാൽ ഭാഗികമായി തകർന്നു; 'ഗുജറാത്ത് മോഡലെന്ന്' പരിഹസിച്ച് പ്രതിപക്ഷം

ഗാന്ധിനഗർ: ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം നർമദ കനാലിന്‍റെ ഒരു ഭാഗം തകർന്നതോടെ ഗുജറാത്ത് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അഴിമതി ഭരണകൂടമാണെന്ന് ആരോപിച്ച് കോൺഗ്രസും എ.എ.പിയും രംഗത്തെത്തി.

കച്ചിലേക്ക് വെള്ളമെത്തിക്കുന്ന കനാലിന്‍റെ ഒരു ഭാഗം തകർന്നതോടെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും വിളകൾ നശിക്കുകയും ചെയ്തു. അഴിമതി നിറഞ്ഞ ഗുജറാത്ത് മോഡലിനെയാണ് ഇത് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, അഴിമതിക്കാരായ ബി.ജെ.പിയുടെ വികസന മാതൃകയാണിതെന്നും ബി.ജെ.പി സർക്കാർ നികുതിപ്പണം ധൂർത്തടിക്കുകയാണെന്നുമായിരുന്നു എ.എ.പിയുടെ ട്വീറ്റ്.

ഗുജറാത്ത് സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് സരൾ പട്ടേലും രംഗത്തെത്തി. കനാലിന്റെ ഒരു ഭാഗം തകർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചതോടെ കച്ചിലെ കർഷകർക്ക് അനുഗ്രഹമാകുമെന്ന് കരുതിയ പദ്ധതി അവർക്ക് ശാപമായെന്ന് അദ്ദേഹം പറഞ്ഞു.

നർമദ കനാലിന്‍റെ ഉദ്ഘാടനം ഗുജറാത്ത് സർക്കാർ വലിയ ആഘോഷമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്ചയാണ് കച്ച് ബ്രാഞ്ച് കനാൽ ഉദ്ഘാടനം ചെയ്തത്. കച്ചിലെ മോദ്കുബയിലും ഭുജ്പൂർ കനാലിലും നർമദയിലെ വെള്ളം എത്തിയപ്പോൾ ആർത്തുവിളിക്കുന്നവരുടെ വിഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായിരുന്നെന്നും അദ്ദേഹത്തിന്‍റെ പരിശ്രമവും പ്രചോദനവും കൊണ്ടാണ് ഇത് സാധ്യമായതെന്നും പറഞ്ഞ അദ്ദേഹം, കച്ചിലെ കാർഷിക-വ്യാവസായിക മേഖലകളിൽ ഇതിലൂടെ വെള്ളമെത്തുമെന്നും അറിയിച്ചിരുന്നു. 

Tags:    
News Summary - 'Gujarat model': Opposition after part of Narmada canal collapses within 24 hours of inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.