ചന്ദ്രസിൻ റൗൾജി എന്ന സി.കെ. റൗൾജി

ബിൽക്കീസ് ബാനു കേസ് പ്രതികളെ 'സംസ്കാരസമ്പന്നർ' എന്ന് വിളിച്ച ബി.ജെ.പി നേതാവിന് 35,000 വോട്ടിന്റെ ഭൂരിപക്ഷം

ഗോധ്ര: ഗുജറാത്ത് മുസ്ലിം വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ക്രൂരായി ​കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ 'സംസ്കാരസമ്പന്നർ' എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവിന് നിയമസഭ തെരഞ്ഞെടുപ്പിൽ 35,000 വോട്ടിന്റെ ഭൂരിപക്ഷം. ഗോധ്ര മണ്ഡലത്തിൽ മത്സരിച്ച ബി.ജെ.പി നേതാവ് സി.കെ. റൗൾജിയാണ് വിജയിച്ചത്.

പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ച കമ്മിറ്റി അംഗം കൂടിയാണ് ചന്ദ്രസിൻ റൗൾജി എന്ന സി.കെ. റൗൾജി. 96,223 വോട്ട് നേടിയാണ് ഇയാൾ ഒന്നാംസ്ഥാനത്തെത്തിയത്. ഇവിടെ കോൺഗ്രസിനെ പ്രതിനിധീകരിച്ച രശ്മിതാബെൻ ദുഷ്യന്ത് സിങ് ചൗഹാന് കിട്ടിയതാകട്ടെ 61,025 വോട്ടും. ബി.ജെ.പിക്ക് 51.65 ശതമാനവും കോൺഗ്രസിന് 32.76 ശതമാനവുമാണ് മണ്ഡലത്തിലെ വോട്ടുവിഹിതം.

ബലാത്സംഗകേസ് പ്രതികളെ മോചിപ്പിച്ച ശേഷം നൽകിയ ചാനൽ അഭിമുഖത്തിലാണ് റൗൾജി പ്രതികളെ 'സംസ്കാരസമ്പന്നർ' എന്ന് വിശേഷിപ്പിച്ചത്. പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ 'ബ്രാഹ്‌മണരാണെ' ന്നും 'നല്ല സംസ്‌കാരത്തിനുടമകളാണെ'ന്നുമായിരുന്നു റൗൾജിയുടെ വിവാദ പ്രസ്താവന. "അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാനുള്ള ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്", റൗൾജി പറഞ്ഞു. പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും ഇയാൾ വിഷേശിപ്പിച്ചിരുന്നു.

ബിൽക്കീസ് ബാനു വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗൾജി.  

2002ലെ ഗുജറാത്ത് വംശഹത്യയിൽ 97 മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്തതിന് അഹ്മദാബാദ് വിചാരണ കോടതി ശിക്ഷിച്ച മനോജ് കുൽകർണിയുടെ മകളായ പായലും വൻ ഭൂരിപക്ഷത്തി​ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. നരോദ മണ്ഡലത്തിൽ മത്സരിച്ച പായലിന് 1,12,767 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായ എ.എ.പിയുടെ ഓപ്രകാശ് തിവാരിക്ക് 29,254 വോട്ട് മാത്രമാണ് കിട്ടിയത്. 83,513 വോട്ടാണ് പായലിന്റെ ഭൂരിപക്ഷം. നരോദപാട്യ കൂട്ടക്കൊലയിൽ വിചാരണ കോടതി ശിക്ഷിക്കുകയും മേൽകോടതി കുറ്റമുക്തമാക്കുകയും ചെയ്ത അന്നത്തെ എം.എൽ.എ മായ കൊഡ്നാനിയുടെ മണ്ഡലമാണിത്.

ബി.ജെ.പിയെ നേരിടാൻ ആപ് ഹിന്ദുത്വകാർഡുകൾ ഏറ്റെടുത്തിട്ടും ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. കറൻസിയിലെ ഹിന്ദു ദൈവങ്ങളിലേക്കും ഏക സവിൽ കോഡിലേക്കും ആപ് തന്നെ വോട്ടർമാരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. എന്നാൽ, കെജ്രിവാളും ആപും ചേർന്ന് ഗുജറാത്തി ​വോട്ടർമാരിൽ ഹിന്ദുത്വ വികാരമുയർത്തിയത് ഹിന്ദുത്വ വോട്ടുകൾ ബൂത്തിലെത്തുന്നതിലും ബി.ജെ.പിക്ക് അനുഗുണമായി ഭവിക്കുന്നതിലും കലാശിച്ചു. പായലിന്റെതടക്കമുള്ള സ്ഥാനാർഥിത്വത്തിലൂടെ ഗുജറാത്തിൽ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ തീവ്ര ഹിന്ദുത്വത്തിൽ തങ്ങളോട് മൽസരിക്കാൻ നിൽക്കേണ്ടെന്ന സന്ദേശം ബി.ജെ.പി ആം ആദ്മി പാർട്ടിക്കും കെജ്രിവാളിനും നൽകിയിരുന്നു.

വോട്ടെടുപ്പിന്റെ പ്രചാരണം മുറുകിയതോടെ തീവ്ര ഹിന്ദുത്വ കാർഡിറക്കി ഭൂരിപക്ഷ വോട്ടുകൾ കുടെ നിർത്താനുള്ള തന്ത്രങ്ങൾ ബി.ജെ.പി ശക്തമാക്കിയിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി വോട്ടർമാരുടെ ശ്രദ്ധ ക്ഷണിച്ചത് അതിനെ തുടർന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേടിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഓർമിപ്പിക്കാൻ കൂടിയായിരുന്നു. 2002ൽ ഗുജറാത്തിലെ സാമൂഹിക വിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചതോടെ 22 വർഷമായി ഗുജറാത്ത് സമാധാനപൂർണമാണ് എന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞത്. ആ വംശഹത്യക്ക് ശേഷം ബി.ജെ.പി ഗുജറാത്തിൽ അധികാരം വി​ട്ടൊഴിഞ്ഞിട്ടില്ല.

Tags:    
News Summary - Gujarat polls: BJP MLA who called Bilkis Bano’s rapists ‘Sanskari’ wins in Godhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.