ഗുജറാത്ത് കേസുകളില്‍ നിയമവല പൊട്ടിക്കാന്‍ പ്രതികളുടെ പുതിയ നീക്കം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം, ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല എന്നീ കേസുകളിലെ പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍.
97 പേരെ കൂട്ടക്കൊല ചെയ്ത നരോദ പാട്യ സംഭവത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കുറ്റവാളി ബാബു ബജ്റംഗി സ്ഥിരജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തന്നെ കുറ്റമുക്തനാക്കി വിട്ടയക്കണമെന്ന പ്രതിയും ഡി.ജി.പിയുമായ പി.പി. പാണ്ഡെയുടെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

മരണംവരെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ മുന്‍ നേതാവാണ് ബാബു ബജ്റംഗി. ആരോഗ്യസ്ഥിതി പരിഗണിച്ച് സ്ഥിരജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. താന്‍ പൂര്‍ണമായും അന്ധനായി. ഒരു ചെവി കേള്‍ക്കാന്‍ വയ്യ. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ബജ്റംഗി കോടതിക്ക് കൊടുത്തു.

ഈ സാഹചര്യത്തില്‍ ഇയാളുടെ സ്ഥിതിയെക്കുറിച്ച് തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് ഹൈകോടതി സബര്‍മതി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ദിനചര്യകള്‍ എങ്ങനെയാണ് ഇയാള്‍ നടത്തുന്നതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് ഹൈകോടതി നിര്‍ദേശം.
2012ലാണ് ബജ്റംഗിയെ കോടതി ശിക്ഷിച്ചത്. ആരോഗ്യ കാരണം പറഞ്ഞ് പലവട്ടം ഇയാള്‍ താല്‍ക്കാലികമായി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഈ കേസില്‍ മുന്‍മന്ത്രി മായ കോട്നാനിയെ 28 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു. ജീവപര്യന്തം ശിക്ഷിച്ച പ്രത്യേകാന്വേഷണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബജ്റംഗിയും കോട്നാനിയും അടക്കം 31 കുറ്റവാളികള്‍ നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടുവരുകയാണ്.

ഇശ്റത് ജഹാന്‍ കൊലക്കേസില്‍ തന്നെ കുറ്റമുക്തനാക്കി വിട്ടയക്കണമെന്ന പ്രതിയും ഡി.ജി.പിയുമായ പി.പി. പാണ്ഡെയുടെ അപേക്ഷയില്‍ ഈ മാസം 20നകം നിലപാട് അറിയിക്കാന്‍ പ്രത്യേക കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ ജാമ്യം നേടിയ പാണ്ഡെക്കാണ് ഇപ്പോള്‍ ഗുജറാത്ത് പൊലീസിന്‍െറ ചുമതല.

ഇശ്റത് ജഹാന്‍ കേസില്‍ ആദ്യത്തെ വിടുതല്‍ ഹരജിയാണിത്. തനിക്കെതിരെ സി.ബി.ഐ വ്യക്തമായ കുറ്റമൊന്നും ചുമത്തിയിട്ടില്ളെന്നാണ് പാണ്ഡെയുടെ വാദം. എല്ലാ വ്യാഴാഴ്ചയും കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയില്‍ പാണ്ഡെ ഇളവും തേടിയിരുന്നു. ഈ അപേക്ഷ കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. വിട്ടയക്കല്‍ അപേക്ഷ പരിഗണിക്കുമ്പോള്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇശ്റതിന്‍െറ മാതാവ് ഷമീമ കൗസര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

2013 ജൂലൈയിലാണ് പാണ്ഡെയെ അറസ്റ്റു ചെയ്തത്. 19 മാസം ജയിലിലായിരുന്നു. 2015 ഫെബ്രുവരിയില്‍ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് സംസ്ഥാന പൊലീസില്‍ തിരികെ കയറ്റി. മാസങ്ങള്‍ക്കകം പ്രമോഷനോടെ ഡി.ജി.പിയായി. കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് മേധാവിയുടെ ചുമതല നല്‍കി. പി.സി. ഠാകുറിനെ പൊടുന്നനെ മാറ്റിക്കൊണ്ടായിരുന്നു ഇത്.

2004ലാണ് ഇശ്റത് ജഹാന്‍, ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, മറ്റു രണ്ടു പേര്‍ എന്നിവര്‍ പൊലീസിന്‍െറ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പാണ്ഡെക്കു പുറമെ ഐ.പി.എസുകാരനായ ജി.എല്‍. സിംഗാള്‍, പൊലീസ് സൂപ്രണ്ട് എന്‍.കെ. അമീന്‍, റിട്ട. ഐ.പി.എസുകാരന്‍ ഡി.ജി. വന്‍സാര, മറ്റു മൂന്നു പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ഇതിനിടെ, ഇശ്റതിന്‍െറ മാതാവിനും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതില്‍ മുംബൈ പൊലീസ് വിമുഖത അറിയിച്ചിട്ടുണ്ട്. മുഴുസമയ സുരക്ഷ തുടര്‍ന്നും നല്‍കണമെങ്കില്‍ പ്രതിദിനം 1,723 രൂപ നല്‍കണമെന്ന് മുംബൈ പൊലീസ് ഷമീമ ശൈഖിനോട് ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം തുടരണം എന്ന് ആഗ്രഹമുണ്ടെങ്കിലും 12,000 രൂപ പ്രതിമാസ വരുമാനം മാത്രമുള്ള കുടുംബത്തിന് ഈ തുക നല്‍കാന്‍ നിവൃത്തിയില്ളെന്ന് അവര്‍ അറിയിച്ചിരിക്കുകയാണ്.

 

Tags:    
News Summary - gujarat riot, israt jahan fake encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.