അഹ്മദാബാദ്: ഗുജറാത്തിൽ ദലിതർ പാചകം ചെയ്ത ഉച്ചഭക്ഷണം പ്രൈമറി സ്കൂൾ വിദ്യാർഥികൾ ബഹിഷ്കരിച്ചു. ഗുജറാത്തിലെ മോർബി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ഭക്ഷണം എത്തിക്കുന്നത് ദലിത് കുടുംബത്തിൽ പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഭക്ഷണമുണ്ടാക്കുന്നത്. എന്നാൽ പിന്നാക്ക ജാതിയിൽ പെട്ട അവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒ.ബി.സി സമുദായത്തിൽ പെട്ട വിദ്യാർഥികൾ വിസമ്മതിച്ചു എന്നാണ് പരാതി. സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ഇതെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മേഖലയിലെ ഉന്നതരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ചു. സംഘം അധ്യാപകരുമായും രക്ഷിതാക്കളുമായും കോൺട്രാക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ചെയ്തു.
ജാതിയുടെ പേരിലല്ല കുട്ടികൾ ഭക്ഷണം ഉപേക്ഷിച്ചതെന്നാണ് സംഘത്തിന്റെ റിപ്പോർട്ട്. ഭക്ഷണം കൊണ്ടുവരുന്നയാൾ താഴ്ന്ന ജാതിയിൽ പെട്ട ആളായതിനാലല്ല, കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിക്കാനുള്ള മടി കാരണമാണ് സംഭവമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രൈമറി സ്കൂളിൽ 153 വിദ്യാർഥികളാണുള്ളത്. അതിൽ 138 പേരാണ് വ്യാഴാഴ്ച എത്തിയത്. അവരെല്ലാം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്നു. സ്കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ കുട്ടികൾ ഇഷ്ടം കാണിക്കുന്നില്ലെന്നും അന്വേഷണ കമ്മിറ്റി വിശദീകരിച്ചു.
പ്രൈമറി സ്കൂളിലെ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പോഷകസമ്പുഷ്ടമായ ആഹാരമാണ് സ്കൂളുകൾ വഴി സർക്കാർ വിതരണം ചെയ്യുന്നത്. എന്നാൽ വിദ്യാർഥികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കില്ല. ഉച്ച ഭക്ഷണത്തെ കുറിച്ച് കുട്ടികളിൽ ആർക്കെങ്കിലും പരാതിയുണ്ടോ എന്ന് രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും ഒ.ബി.സി വിഭാഗക്കാരാണ്. അവിടെ ആകെ അഞ്ച് ദലിത് കുടുംബങ്ങൾ മാത്രമാണുള്ളത്.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ 100 കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ സമീപിക്കുകയായിരുന്നുവെന്ന് പാചകക്കാരിയുടെ ഭർത്താവ് പറഞ്ഞു. ഏഴു ദലിത് വിദ്യാർഥികൾ മാത്രമാണ് അന്ന് ഭക്ഷണം കഴിച്ചത്. രണ്ടാംദിവസം 50 പേർക്ക് മതി ഭക്ഷണമെന്നു പറഞ്ഞു. ദലിത് വിദ്യാർഥികൾ മാത്രമാണ് അന്നും ഭക്ഷണം കഴിച്ചത്.
ദലിത് വിദ്യാർഥികളും ഭക്ഷണം കഴിക്കുന്നത് നിർത്തിയതോടെ പ്രിൻസിപ്പൽ ഇനി മുതൽ ഭക്ഷണം ഉണ്ടാക്കേണ്ട എന്നു പറയുകയായിരുന്നു.ഒരു ഒ.ബി.സിക്കാരനാണ് കോൺട്രാക്ടർ എങ്കിൽ ഇതാവുമായിരുന്നില്ല സ്ഥിതിയെന്നും ദലിത് വനിത രാഷ്ട്രപതിയായിരിക്കുന്ന ഒരു രാജ്യത്തെ സ്കൂളിൽ ഇതുപോലുള്ള പ്രവണതകൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജാതി പ്രശ്നം മൂലമാണ് കുട്ടികൾ ഭക്ഷണം കഴിക്കാത്തത് എന്ന ആരോപണം ഗ്രാമപഞ്ചായത്ത് തലവനും നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.