മുംബൈ: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുംബൈയിലെ വസതിയിലെത്തിയ ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് അഹ്മദാബാദിലേക്ക് കൊണ്ടു പോയി. ശ്രീകുമാറിനെ അഹ്മദാബാദിൽനിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്പാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലങ്ങൾ സമർപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ടീസ്റ്റക്കും ശ്രീകുമാറിനും മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനുമെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമപ്രക്രിയയെ വഴിതെറ്റിക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ഇവരെ വിമർശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇതിനുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സഞ്ജീവ് ഭട്ട് നേരത്തേ തന്നെ ജയിലിലാണ്. വീട്ടിൽ അതിക്രമിച്ചുകയറി ടീസ്റ്റയെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വിജയ് ഹിരേമത് ആരോപിച്ചു.
2002ലെ ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം ബി.ജെ.പി സർക്കാറിലെ 63 ഉന്നതരെയും വെള്ളിയാഴ്ച കുറ്റമുക്തരാക്കിയ സുപ്രീംകോടതി ടീസ്റ്റയും ശ്രീകുമാറും ഭട്ടും അടക്കമുള്ളവർ നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിൽ പങ്കാളികളാണെന്നും അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരി മുഖ്യ ഹരജിക്കാരിയായ കേസിൽ സഹ ഹരജിക്കാരിയായിരുന്നു ടീസ്റ്റ. ഇതിനുപിന്നാലെ ശനിയാഴ്ച എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ടീസ്റ്റക്കെതിരെ രംഗത്തെത്തി. ടീസ്റ്റയുടെ എൻ.ജി.ഒ നിരവധി ഇരകളുടേതെന്ന പേരിൽ അവർ പോലുമറിയാതെ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നുവെന്നാരോപിച്ച അമിത് ഷാ ഇതിന് അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സർക്കാറിൽനിന്ന് പിന്തുണ ലഭിച്ചതായും പറഞ്ഞിരുന്നു.
ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കായി നിയമപോരാട്ടം നടത്തുന്നതിൽ തുടക്കം മുതൽ മുന്നിലുള്ള ടീസ്റ്റക്കെതിരെ മുമ്പും മോദി സർക്കാർ രംഗത്തെത്തിയിരുന്നു. എൻ.ജി.ഒയിൽ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് സി.ബി.ഐയും ഗുജറാത്ത് പൊലീസും ടീസ്റ്റക്കെതിരെ നടപടികൾക്ക് ശ്രമിച്ചിരുന്നു. വംശഹത്യ നടക്കുന്ന കാലത്ത് ഗുജറാത്ത് എ.ഡി.ജി.പി ആയിരുന്ന ശ്രീകുമാറും നരേന്ദ്ര മോദി സർക്കാറിനെതിരായ വെളിപ്പെടുത്തലുകളുടെയും നിലപാടുകളുടെയും പേരിൽ നോട്ടപ്പുള്ളിയായിരുന്നു. വംശഹത്യയിൽ മോദി സർക്കാറിന്റെ പങ്ക് തുറന്നുകാട്ടിയ ഇന്റലിജൻസ് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജീവ് ഭട്ട് 1990ലെ പൊലീസ് കേസിൽ പ്രതിയായി 2011 മുതൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.