വാരാണസി: ഗ്യാൻവാപി മസ്ജിദിലെ വുദു ടാങ്കിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്നത് ശിവലിംഗമാവാൻ സാധ്യതയില്ലെന്ന് തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാരായ രാജേന്ദ്ര തിവാരിയും ഗണേഷ് ശങ്കറും. തങ്ങൾ ചെറുപ്പം മുതലേ പള്ളിയിലെ വുദു ടാങ്ക് കണ്ടിട്ടുണ്ടെന്നും അതിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു. മുൻനിര ഹിന്ദി വാർത്തചാനലായ 'ആജ് തക്' നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ ചെറുപ്പം മുതൽ അവിടെ പോകുന്നതാണ്. കുട്ടിയായിരിക്കുമ്പോൾ അവിടെ കളിച്ചിട്ടുണ്ട്. എത്രയോ കാലമായി വുദു ടാങ്ക് കാണുന്നു. അതിലുള്ള ഏത് കല്ലിനെയും ശിവലിംഗമെന്ന് വിളിക്കുന്നത് ശരിയല്ല' -തിവാരി പറഞ്ഞു. 'യഥാർഥ ശിവലിംഗം മാറ്റി സ്ഥാപിക്കാൻ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂർവികർക്ക് അനുവാദം നൽകിയ ദാരാ ഷിക്കോയുടെ കാലം മുതലുള്ള രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. പൂർവികർ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകൾ കൂടാതെ ഇപ്പോഴും കാണാം' -അദ്ദേഹം പറഞ്ഞു.
'വാസ്തവത്തിൽ കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമാണത്തിനായാണ് യഥാർഥ ശിവലിംഗങ്ങൾ നശിപ്പിക്കപ്പെടുന്നത്. ഇടനാഴി വിപുലീകരണം നടക്കുമ്പോൾ അവർ ശിവലിംഗങ്ങൾ തകർത്തു. കാശിയുടെ അധിപദേവന്മാരായ കരുണേശ്വർ മഹാദേവ്, അമൃതേശ്വർ മഹാദേവ്, അഭിമുക്തേശ്വർ മഹാദേവ്, ചണ്ഡി-ചന്ദേശ്വർ മഹാദേവ് എന്നിവരുടെയും ദുർമുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ അഞ്ചു വിനായകരുടെയും പ്രതിമകളും അവർ തകർത്തു. മൂലസ്ഥാനത്ത് നിന്ന് അതുനീക്കം ചെയ്തു. പക്ഷേ ആരും ഇതേക്കുറിച്ച് സംസാരിക്കില്ല' -തിവാരി പറഞ്ഞു.
മറ്റൊരു സന്യാസിയായ മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെയാണ് പറയുന്നത്. 'കുട്ടിക്കാലം മുതൽ ഞങ്ങൾ ഇത് കാണുന്നു. ജലാശയത്തിന്റെ മധ്യത്തിൽ വിവിധ രൂപങ്ങളിലുള്ള ജലധാരകളുണ്ട്. അവക്ക് കല്ല് കൊണ്ടുള്ള അടിത്തറയുണ്ടാവും. അല്ലാതെ ഹിന്ദു ഹരജിക്കാർ അവകാശപ്പെടുന്ന ശിവലിംഗം അല്ല അത്' -ഗണേഷ് ശങ്കർ പറഞ്ഞു. വുദു എടുക്കുന്ന സ്ഥലത്ത് കണ്ടെത്തിയ ശിവലിംഗത്തിൽ മുസ്‍ലിംകൾ അംഗശുദ്ധി വരുത്തിയിട്ട് തുപ്പാറുണ്ടെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. 'ആരും വുദു ടാങ്കിലേക്ക് തുപ്പാറില്ല. അതിൽനിന്ന് വെള്ളമെടുത്ത് അംഗശുദ്ധി വരുത്തുകയാണ് ചെയ്യുന്നത്' -ഗണേഷ് ശങ്കർ പറഞ്ഞു.
ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇത് ഉടൻ പരിഗണിച്ച സീനിയർ ഡിവിഷൻ സിവിൽ കോടതി പള്ളിയിൽ അഭിഭാഷക കമീഷന്റെ വിഡിയോ സർവേക്ക് നിർദേശിക്കുകയായിരുന്നു. എന്നാൽ, സർവേ പൂർത്തിയായി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ സ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ പള്ളിയിലെ ജലധാരയിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. തുടർന്ന് ഈ ഭാഗം മുദ്രവെച്ച് പ്രവേശനം നിഷേധിക്കാൻ സിവിൽ കോടതിയുടെ ഉത്തരവുണ്ടായി.
മസ്ജിദ് കമ്മിറ്റി ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയപ്പോൾ സ്ഥലം അതേപടി സംരക്ഷിക്കാനും മുസ്‍ലിംകളുടെ പ്രാർഥന തടയരുതെന്നുമായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.