ലഖ്നോ: ഗ്യാൻവാപി മസ്ജിദിലെ സർവേ ദൃശ്യങ്ങൾ അനുമതിയില്ലാതെ പൊതുയിടങ്ങളിൽ ലഭ്യമാക്കരുതെന്ന് വാരാണസി ജില്ല കോടതിയുടെ നിർദേശം. ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
കോടതി നിർദേശപ്രകാരം ഹരജിക്കാർക്കും എതിർകക്ഷികൾക്കും സർവേയുടെ മുഴുവൻ റിപ്പോർട്ടുകളും ദൃശ്യങ്ങളും ചിത്രങ്ങളും കൈമാറാൻ വാരാണസി ജില്ല കോടതി തന്നെയാണ് നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാൽ, കക്ഷികൾക്ക് നല്കിയ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ് കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സർവേ റിപ്പോർട്ട് വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും ചോർന്നതിൽ സുപ്രീംകോടതി ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു പക്ഷത്തെ അനുകൂലിച്ച് ഏകപക്ഷീയമായി ദൃശ്യങ്ങൾ ചോരുന്നതിനെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ജില്ലാ കോടതിക്ക് നിർദേശം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വാരാണസി ജില്ല കോടതിയുടെ ഇപ്പോഴത്തെ നടപടി.
ദൃശ്യങ്ങൾ ചോർത്തരുത് എന്ന നിർദേശം സുപ്രീംകോടതി നേരത്തെ നൽകിയിരുന്നെന്നും ഇതിനു വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്നും മസ്ജിദ് കമ്മിറ്റി ആരോപിച്ചു. ഏതെങ്കിലും രീതിയിൽ സർവേ ദൃശ്യങ്ങളും ചിത്രങ്ങളും ഏതെങ്കിലും രീതിയിൽ പൊതുയിടങ്ങളിൽ ലഭ്യമായാൽ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന താക്കീതും വാരാണസി ജില്ല കോടതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.