ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

വാരാണസി: കാശി വിശ്വനാഥ േക്ഷത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി നിർദേശപ്രകാരം നടക്കുന്ന വിഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദം. തുടർന്ന് മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ സിവിൽ കോടതി ഉത്തരവിട്ടു.

സർവേക്കിടെ കണ്ടെത്തിയ ശിവലിംഗം സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരുടെ അഭിഭാഷകൻ മദൻ മോഹൻ യാദവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ രവികുമാർ ദിവാകർ സ്ഥലം സീൽ ചെയ്യാൻ നിർദേശം നൽകിയത്. മൂന്നു ദിവസത്തെ സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്.

എന്നാൽ, ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്നതു ശരിയല്ലെന്നും നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി (ഹൗദ്/വുദു ഖാന)യിലെ വാട്ടർ ഫൗണ്ടൻ ആണ് ഇതെന്നും മസ്ജിദ് അധികൃതർ പറഞ്ഞു. മുഗൾകാല നിർമിതിയായ മസ്ജിദി‍െൻറ വുദു ഖാനയിലുള്ള വാട്ടർ ഫൗണ്ട‍നാണെന്ന് വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്ജിദി‍െൻറ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് ജോയന്‍റ് സെക്രട്ടറി സയിൻ യാസീൻ 'ദ ഹിന്ദു' പത്രത്തോട് പറഞ്ഞു. രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർപോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും യാസീൻ പറഞ്ഞു.

പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി നിയമിച്ച കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നുമാണ് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്. തുടർന്നാണ് പള്ളി സമുച്ചയത്തിന്‍റെ ഒരു ഭാഗം മുദ്രവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചത്.

അതേസമയം, മൂന്നു ദിവസമായി തുടർന്ന സർവേയിൽ ബന്ധപ്പെട്ട കക്ഷികൾ തൃപ്തരാണെന്ന് വാരാണസി ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മസ്ജിദിന്റെ ചുറ്റുമതിലിനോട് ചേർന്നുള്ള വിഗ്രഹാരാധനക്ക് ദിവസവും അനുമതി നൽകണമെന്ന ഒരു സംഘം സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർവേ നടത്താൻ കോടതി നിർദേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.15ന് തുടങ്ങിയ സർവേ രണ്ടു മണിക്കൂറിനുശേഷം 10.15ഓടെയാണ് പൂർത്തിയായത്. സർവേക്കായി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷണർ അജയ്കുമാർ മിശ്രയെ മാറ്റണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ജില്ല സിവിൽ ജഡ്ജി തള്ളിയിരുന്നു. 

Tags:    
News Summary - Gyanvapi Mosque Case: Seal Area Where Shivling Found, Says Varanasi Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.