ചെന്നൈ: കാരൂരിലെ മഹാധനപുരം റെയിൽവെ സ്റ്റേഷന്റെ ബോർഡ് പുതുക്കിയപ്പോൾ തമിഴിലെ ഒരക്ഷരം മാറി. മാറിയത് ഒരക്ഷരമാണെങ്കിലും ഇതുയർത്തിയ വിവാദം വളരെ വലുതാണ്. സംസ്കൃതം അടിച്ചേൽപിക്കാനുള്ള കേന്ദ്ര നീക്കമാണ് ബോർഡിലെ അക്ഷരം മാറിയതിന് പിന്നിലെന്നാണ് തമിഴ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ബോർഡ് പഴയ രൂപത്തിലാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
'ഹ' എന്ന അക്ഷരം തമിഴിൽ ഇല്ല എന്നാണ് തമിഴ് ഭാഷാ സ്നേഹികളുടെ വാദം. പകരം 'ക' എന്ന അക്ഷരമാണുള്ളത്. സംസ്കൃതം ഒളിച്ചു കടത്തുന്നതിന്‍റെ ഭാഗമായാണ് 'ഹ' എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും അവർ പറയുന്നു.
'മഹാധനപുരം' എന്നതിന് പകരം 'മകാധനപുരം' എന്നാണ് തമിഴിൽ എഴുതുന്നത്. എന്നാൽ, ബോർഡ് പുതുക്കി സ്ഥാപിച്ചപ്പോൾ 'കാ' എന്നതിന് പകരം 'ഹാ' എന്നാണ് റെയിൽവെ അധികൃതർ ചേർത്തത്. ഇതാണ് തമിഴ് ഭാഷാ സ്നേഹികളെ പ്രകോപിപ്പിച്ചത്.
''ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമത്തിന് ശേഷം, സംസ്കൃതം അടിച്ചേൽപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം' -കാരൂരിൽ നിന്നുള്ള തമിഴ് ആക്റ്റിവിസ്റ്റ് ഭരണിധരൻ പറഞ്ഞതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമപ്രദേശത്തുള്ളവർ കേട്ടിട്ടുപോലുമില്ലാത്ത അക്ഷരമാണ് 'ഹ' എന്നും അദ്ദേഹം പറയുന്നു.
ആദ്യം ബോർഡിൽ തെറ്റായാണ് 'മഹാധനപുരം' എന്ന് തമിഴിൽ എഴുതിയിരുന്നതെന്നും തങ്ങൾ തെറ്റുതിരുത്തുക മാത്രമാണ് ചെയ്തതെന്നും റെയിൽവെ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.