ഹലാൽ മാംസം ഹിന്ദുക്കൾക്കും സിഖുകാർക്കം എതിരെന്ന പ്രചരണവുമായി ബി.ജെ.പി. ബിജെപിയുടെ നേതൃത്വത്തിലുള്ള സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷന്‍റെ (എസ്ഡിഎംസി) സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് പുതിയ പ്രചരണവുമായിരംഗത്തുവന്നത്. റെസ്റ്റോറന്‍റുകളോടും കടകളോടും മാംസം ഹലാലാണോ അല്ലെയോ എന്നതുസംബന്ധിച്ച് വിവരം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. എസ്‌ഡിഎംസി ഇതുസംബന്ധിച്ച ചട്ടം പാസാക്കാൻ തീരുമാനിച്ചതായും സൂചനയുണ്ട്.
'ഹിന്ദുമതവും സിഖ് മതവും അനുസരിച്ച് 'ഹലാൽ' മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്. അതിനാൽ, റെസ്റ്റോറന്‍റുകൾക്കും ഇറച്ചി കടകൾക്കും ഈ നിർദ്ദേശം നൽകണമെന്ന് കമ്മിറ്റി തീരുമാനിക്കുന്നു. മാംസം വിൽക്കുന്നവരും വിളമ്പുന്നവരും 'ഹലാൽ' അല്ലെങ്കിൽ 'ജട്ക' മാംസമാണോ അല്ലയോ എന്നത് നിർബന്ധമായും എഴുതണം. എസ്ഡിഎംസി വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഒറ്റയടിക്ക് മൃഗത്തെ അറുക്കുന്ന രീതിയെയാണ് 'ജട്ക' എന്ന് പറയുന്നത്. ഹലാൽ രീതിയനുസരിച്ച് സാവധാനം രക്തം ഒഴുക്കിക്കളഞ്ഞുവേണം മൃഗത്തെ അറുക്കേണ്ടത്.
'ഒരാൾക്ക് ജട്ക മാംസം വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഹലാൽ ലഭിക്കുന്നത് അനുവദിക്കാനാകില്ല. അതിനാൽ മാംസം ജട്കയാണോ ഹലാലാണോ എന്ന് വേർതിരിക്കുക മാത്രമാണ് നിയമം ചെയ്യുന്നത്. കശാപ്പിനുള്ള ലൈസൻസ് എടുക്കുമ്പോൾ അത്തരം കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.' -സ്റ്റാൻഡിംഗ് കമ്മിറ്റി മേധാവി രാജ്ദത്ത് ഗെലോട്ട് പറഞ്ഞു. എസ്ഡിഎംസിയുടെ പരിധിയിലെ നാല് സോണുകളിലെ 104 വാർഡുകളിൽ ആയിരക്കണക്കിന് റെസ്റ്റോറന്‍റുകളുണ്ട്.
സമാനമായ ഒരു നിർദ്ദേശം 2018 ൽ ഈസ്റ്റ് എംസിഡി മീറ്റ് പാസാക്കിയിരുന്നു. ഹലാൽ മാംസം കഴിക്കാത്ത നിരവധി ഹിന്ദുക്കളുണ്ടെന്ന് എഇഡിഎംസിയുടെ അന്നത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യപാൽ പറഞ്ഞിരുന്നു. അവരുടെ മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് തീരുമാനമെന്നായിരുന്നു ബി.ജെ.പി പ്രചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.