നൈനിറ്റാൾ: ഉത്തരാഖണ്ഡില്‍ അരലക്ഷത്തോളം പേരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപമുള്ള കോളനികളിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന 5,000ത്തോളം കുടുംബങ്ങളെയാണ് അവരുടെ കിടപ്പാടത്തിൽനിന്ന് ഒഴിപ്പിക്കുന്നത്. ഭൂരിഭാഗവും മുസ്‌ലിങ്ങളാണ് ഇവിടെയുള്ള താമസക്കാർ.
ഇവര്‍ താമസിക്കുന്ന സ്ഥലം റെയില്‍വേയുടേതാണെന്ന് അവകാശപ്പെട്ട് റെയിൽവെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ഹൈകോടതി ഉത്തരവിനെ തുടർന്ന് കുടുംബങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകി. ഏഴ് ദിവസത്തെ സമയമാണ് ഒഴിയാൻ നൽകിയിരിക്കുന്നത്.
കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചിലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കും.
പ്രദേശത്തെ 4,365 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് നൈനിറ്റാൾ ജില്ല ഉദ്യോഗസ്ഥർ പറയുന്നു. 2.2 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്തെ വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ കോടതി ഉത്തരവിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.
അതിനിടെ, ഹൈകോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ നൽകിയ ഹരജി സുപ്രീം കോടതി നാളെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരാകുന്നത്.
ഒഴിപ്പിക്കൽ നീക്കത്തിനെതിരെ ഹല്‍ദ്വാനി ബാന്‍ഭൂല്‍പുരയിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് റോഡിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം മുടങ്ങുമെന്നും താമസിക്കാൻ മറ്റൊരു ഇടമില്ലെന്നും ഇവർ പറയുന്നു.
കോടതിയില്‍ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കവിഷയമായത് 29 ഏക്കര്‍ ഭൂമി മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ 78 ഏക്കറോളം സ്ഥലത്ത് താമസിക്കുന്നവര്‍ക്കെല്ലാം റെയില്‍വേ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കിയതായും ജമാഅത്തെ ഇസ്‌ലാമി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മാനുഷിക പരിഗണന ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുണ്ട്. ‘70 വര്‍ഷത്തിലേറെയായി അവര്‍ അവിടെ താമസിക്കുന്നുണ്ട്. പ്രദേശത്ത് രണ്ട് കോളജുകളും പ്രൈമറി സ്‌കൂളും പള്ളിയും ക്ഷേത്രവും വാട്ടര്‍ ടാങ്കും ഹെല്‍ത്ത് സെന്ററുമുണ്ട്. ഇെതാക്കെ സ്ഥിതി ചെയ്യുന്നത് കൈയേറ്റ ഭൂമിയിലാണോ? ഈ വിഷയത്തെ മാനുഷികമായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രാലയത്തോടും മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണ്’ കോണ്‍ഗ്രസ് സെക്രട്ടറി ഖാസി നിസാമുദ്ദീന്‍ പറഞ്ഞു. സര്‍ക്കാര്‍ കോളജുകളുള്ള സ്ഥലം എങ്ങനെയാണ് അനധികൃത കയ്യേറ്റം ആകുന്നതെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.