ലോക്സഭയിലെ ‘ഹമാസ് ചോദ്യം’; മറുപടിയിലെ മന്ത്രിയുടെ പേരു തിരുത്തി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഫലസ്തീനിലെ ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കെ. സുധാകരൻ എം.പിയുടെ ചോദ്യത്തിന്, മറുപടി പറഞ്ഞ മന്ത്രിയുടെ പേരു തിരുത്തി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സഹമന്ത്രിമാരിൽ ഒരാളായ മീനാക്ഷി ലേഖിയുടെ പേരിൽ വന്ന ഉത്തരം, വകുപ്പിലെ മറ്റൊരു സഹമന്ത്രി വി. മുരളീധരന്റെ പേരിലേക്ക് മാറ്റിയാണ് തിരുത്തു വന്നത്.

നടപടിക്രമത്തിലെ തെറ്റു കാരണമാണ് ഇത് സംഭവിച്ചതെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. ‘ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തിന്, ഒരു സംഘടനയെ ബന്ധപ്പെട്ട വകുപ്പ് ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് യു.എ.പി.എ പ്രകാരമാണെന്നായിരുന്നു മറുപടി. എന്നാൽ, ലോക്സഭയിൽ നൽകപ്പെട്ട മറുപടി തന്റേതല്ലെന്നും ഇതിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും മീനാക്ഷി ലേഖി സമൂഹ മാധ്യമമായ ‘എക്സി’ൽ വിശദീകരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

ലേഖിയുടെ പരാമർശത്തെ തുടർന്ന് വൻ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം, സംഭവം ഗുരുതര നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പിറ്റേന്നുതന്നെ, ‘നക്ഷത്ര ചിഹ്നമിടാത്ത പ്രസ്തുത ചോദ്യത്തിന് സാങ്കേതിക തിരുത്തൽ ആവശ്യമുണ്ടെ’ന്നും പാർലമെന്റിലെ ചോദ്യത്തിന് സഹമന്ത്രി വി. മുരളീധരനാണ് മറുപടി പറയുകയെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കുകയുണ്ടായി.

ഇതേതുടർന്ന് തിങ്കളാഴ്ച മന്ത്രി മുരളീധരൻ, ‘ഡിസംബർ എട്ടിന് നൽകപ്പെട്ട ചോദ്യത്തിനുള്ള മറുപടി തിരുത്തുകയാണ്’ എന്ന് സഭയിൽ പ്രസ്താവിച്ചു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് മന്ത്രിമാർ സഭയിൽ വാക്കാൽ മറുപടി പറയുകയും അല്ലാത്തതിന് മറുപടി എഴുതിനൽകുകയുമാണ് ചെയ്യുക.

Tags:    
News Summary - 'Hamas Question' in Lok Sabha; The Ministry of External Affairs has corrected the name of the minister in the reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.